Site icon Malayalam News Live

പ്രശസ്‌ത നടി നൃത്തം പഠിപ്പിക്കാൻ ചോദിച്ചത് അഞ്ച് ലക്ഷം രൂപ; സിനിമയും കാശുമായപ്പോള്‍ അഹങ്കാരം; വിമര്‍ശിച്ച്‌ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ലക്ഷങ്ങള്‍ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി.

‘16,000 കുട്ടികളെ പങ്കെടുപ്പിച്ച്‌ ജനുവരിയില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്.

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്.’ മന്ത്രി പറഞ്ഞു.

‘ഇത്രവലിയ തുകനല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്താദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച്‌ സ്വാഗതഗാനം പഠിപ്പിക്കാൻ തീരുമാനിച്ചു.’ മന്ത്രി പ്രതികരിച്ചു.

സ്‌കൂള്‍ കലോത്സവം വഴി മികച്ച കലാകാരി ആകുകയും അതുവഴി സിനിമയിലെത്തി അവിടെ വലിയ നിലയിലാകുകയും ചെയ്‌ത ചില നടിമാർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Exit mobile version