Site icon Malayalam News Live

സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പില്‍ പെട്ട് പോയത് 768 കോടി രൂപ; വൈഫൈ വഴിയുള്ള ഫ്രീ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കല്‍പറ്റ: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2024ല്‍ മാത്രം 41425 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്.

വിവിധ സംഭവങ്ങളിലായി 768 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇന്റര്‍നെറ്റ് സുരക്ഷാ ദിനാചാരണത്തോടനുബന്ധിച്ച്‌ ജില്ലാഭരണകൂടം കലക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ നല്‍കിയ ബോധവത്കരണ ക്ലാസിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്.

നെറ്റ് ബാങ്കിങ് കുറ്റകൃത്യങ്ങളിലകപ്പെട്ട് നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തില്‍ സൈബർ മേഖല കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് പരിപാടിയില്‍ ചൂണ്ടിക്കാട്ടി.

വൈഫൈ വഴിയുള്ള ഫ്രീ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ബസ്-റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമായ ചാര്‍ജിങ് സേവനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കണം. സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ പണം നഷ്ടമായവര്‍ ആദ്യ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന സൈബര്‍ ക്രൈം എമര്‍ജന്‍സി നമ്ബറില്‍ ബന്ധപ്പെട്ട് തുക കൈമാറിയവരുടെയും പണം നഷ്ടപ്പെട്ടവരുടെയും ബാങ്ക് വിവരം, പണം കൈമാറിയ വിവരം എന്നിവ സൈബര്‍ പൊലീസിന് കൈമാറിയാല്‍ തുക തടഞ്ഞുവെക്കാന്‍ സാധിക്കും.

Exit mobile version