Site icon Malayalam News Live

തട്ടുകടയ്ക്ക് കുടിശികയിനത്തില്‍ 890 രൂപ അടയ്ക്കണം, പണം ഗൂഗിള്‍ പേ വഴി അടച്ചാൽ മതിയെന്ന് ഉദ്യോ​ഗസ്ഥൻ; കാഞ്ഞിരപ്പള്ളിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെന്നു തെറ്റിദ്ധരിപ്പിച്ച്‌ ഫോണില്‍ വിളിച്ച്‌ പണം തട്ടിയെടുക്കാന്‍ ശ്രമം

കാഞ്ഞിരപ്പള്ളി: ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ച്‌ ഫോണില്‍ വിളിച്ച്‌ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. പൊന്‍കുന്നം – എരുമേലി റോഡില്‍ മണക്കാട്ട് അമ്പലത്തിനു സമീപം തട്ടുകട നടത്തുന്ന ഇല്ലത്തുപറപ്പള്ളില്‍ ഇ.എസ്. സുനീഷിനാണ് ചൊവ്വാഴ്ച പണം ആവശ്യപ്പെട്ട് ഫോൺകോൾ വന്നത്.

ഭക്ഷ്യസുരക്ഷാ വകുപ്പില്‍നിന്നുള്ള പ്രത്യേക സ്‌ക്വാഡിലുള്ളയാളാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വിളിച്ചത്. സുനീഷ് വീടിനു മുമ്പില്‍ നടത്തുന്ന തട്ടുകടയ്ക്ക് കുടിശികയിനത്തില്‍ 890 രൂപ അടയ്ക്കണമെന്ന് ഇയാള്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി ഓഫീസിലെത്തി പണം അടയ്ക്കാമെന്ന് അറിയിച്ചതോടെ ഗൂഗിള്‍ പേ വഴി പണം അടച്ചാല്‍ മതിയെന്നു പറയുകയായിരുന്നു. പണം അടച്ചതിന്‍റെ രേഖകള്‍ എങ്ങനെ ലഭിക്കുമെന്ന് സംശയം അറിയിച്ചതോടെ പണം ലഭിച്ചാലുടന്‍ പേപ്പര്‍ ശരിയാക്കി നല്‍കാമെന്ന് അറിയിച്ചു.

എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും ലൈസന്‍സുകള്‍ സുനീഷിന് ഉണ്ടായിരുന്നു. സംശയം തോന്നിയ സുനീഷ് കാഞ്ഞിരപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസിലെത്തി വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.

ഇത്തരത്തില്‍ നിരവധി കടക്കാര്‍ക്ക് ഫോണ്‍ വിളിയെത്തിയതായി പറയപ്പെടുന്നു. എന്നാല്‍, ഇത്തരത്തില്‍ പണം ആവശ്യപ്പെട്ട് വ്യാപാരികളെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് കാഞ്ഞിരപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു.

ഗൂഗിള്‍ പേ വഴിയോ നേരിട്ടോ ഉദ്യോഗസ്ഥര്‍ ഒരാവശ്യത്തിനും പണം വാങ്ങാറില്ലെന്നും ആവശ്യങ്ങള്‍ക്ക് അക്ഷയ സെന്‍ററുകള്‍ വഴിയോ, പിഴശിക്ഷ ഈടാക്കുന്നത് ട്രഷറി വഴിയോ ആണെന്നു ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് സുനീഷ് പറഞ്ഞു.

Exit mobile version