Site icon Malayalam News Live

അടുക്കളയിൽ കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

കോട്ടയം: ഫ്രിഡ്ജ് കഴിഞ്ഞാൽ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ളത് കട്ടിങ് ബോർഡിനാണ്. അതിനാൽ തന്നെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഒന്നാണ് കട്ടിങ് ബോർഡ്. ഭക്ഷണ സാധനങ്ങൾ കട്ടിങ് ബോർഡിൽ മുറിക്കുമ്പോൾ അവശിഷ്ടങ്ങൾ തങ്ങി നിൽക്കുന്നു. ഇത് ദുർഗന്ധം ഉണ്ടാകാനും അണുക്കൾ പെരുകാനും കാരണമാകുന്നു. കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോൾ നിബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഗുണമേന്മയുള്ളത് തെരഞ്ഞെടുക്കാം

പ്ലാസ്റ്റിക്, തടി, സെറാമിക്, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങി പലതരം മെറ്റീരിയലുകളിൽ കട്ടിങ് ബോർഡ് ലഭ്യമാണ്. എന്നാൽ ഗുണമേന്മയുള്ളത് നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴിവെയ്ക്കും.

ഒന്നിലധികം ബോർഡുകൾ

എല്ലാ ആവശ്യങ്ങൾക്കും ഒരു ബോർഡ് തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം. മാംസം മുറിച്ച അതേ കട്ടിങ് ബോർഡിൽ പച്ചക്കറികളും മുറിക്കാൻ പാടില്ല. ഇത് ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിൽക്കാനും ഭക്ഷണത്തിൽ അണുക്കൾ പടരാനും കാരണമാകുന്നു. അതിനാൽ തന്നെ ഓരോന്നിനും ഓരോ ബോർഡ് ഉപയോഗിക്കുന്നതാണ് നല്ലത്.

കത്തി ഉപയോഗിക്കുമ്പോൾ

കട്ടിങ് ബോർഡിൽ കത്തി ഉപയോഗിച്ച് സാധനങ്ങൾ മുറിക്കുമ്പോഴും ശ്രദ്ധ വേണം. കട്ടിങ് ബോർഡ് കൃത്യമായി വെച്ചതിന് ശേഷം മാത്രം ഉപയോഗിക്കാം. ശരിയായ രീതിയിൽ കത്തി ഉപയോഗിച്ചില്ലെങ്കിൽ കട്ടിങ് ബോർഡിന് കേടുപാടുകൾ സംഭവിക്കാം.

ദുർഗന്ധം അകറ്റാം

ദീർഘനേരം ഭക്ഷണാവശിഷ്ടങ്ങൾ കട്ടിങ് ബോർഡിൽ പറ്റിയിരിക്കുന്നത് ഒഴിവാക്കാം. ഇത് അണുക്കൾ പെരുകാനും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു. ഓരോ ഉപയോഗത്തിന് ശേഷവും കട്ടിങ് ബോർഡ് നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

പഴകിയ കട്ടിങ് ബോർഡ്

ദീർഘകാലം ഒരേ കട്ടിങ് ബോർഡ് ഉപയോഗിക്കാതിരിക്കാം. കാലക്രമേണ കട്ടിങ് ബോർഡ് ഉപയോഗിക്കാൻ കഴിയാതെ വരുന്നു. കറയും, വിള്ളലുകളും ശ്രദ്ധയിൽപ്പെട്ടാൽ പഴയ കട്ടിങ് ബോർഡ് ഉപേക്ഷിക്കാം. ഇതിൽ അണുക്കൾ ഒളിഞ്ഞിരിപ്പുണ്ട്.

Exit mobile version