Site icon Malayalam News Live

നിസാരക്കാരനല്ല കറിവേപ്പില: അടുക്കളയിൽ ഇങ്ങനെയുമുണ്ട് ഇതിന് ഉപയോഗങ്ങൾ

കോട്ടയo: വീട്ടിൽ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടമാണ് അടുക്കള. എന്നാൽ അടുക്കള വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. ഭക്ഷണത്തിൽ രുചി നൽകാൻ മാത്രമല്ല അടുക്കള വൃത്തിയാക്കാനും കറിവേപ്പില നല്ലതാണ്. ഇതിന്റെ പ്രകൃതിദത്ത ഗന്ധവും ആന്റിബാക്റ്റീരിയൽ ഗുണങ്ങളും വൃത്തിയാക്കൽ ജോലികൾ എളുപ്പമാക്കുന്നു. കറിവേപ്പില ഉപയോഗിച്ച് അടുക്കള വൃത്തിയാക്കേണ്ടത് ഇങ്ങനെയാണ്.

സിങ്കിന്റെ ദുർഗന്ധം

അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് സിങ്ക്. അതിനാൽ തന്നെ അഴുക്കും അണുക്കളും ധാരാളം സിങ്കിൽ ഉണ്ടാകുന്നു. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. കിച്ചൻ സിങ്കിന്റെ ദുർഗന്ധത്തെ വലിച്ചെടുക്കാൻ കറിവേപ്പിലയ്ക്ക് സാധിക്കും.

കറപിടിച്ച ഗ്യാസ് സ്റ്റൗ

കുറച്ച് വെള്ളം ചേർത്ത് കറിവേപ്പില നന്നായി ചതച്ചെടുക്കണം. ശേഷം കറപിടിച്ച സ്റ്റൗവിൽ തേച്ചുപിടിപ്പിച്ചാൽ മതി. ഇത് കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. ദുർഗന്ധവും ഇല്ലാതാകുന്നു.

ഫ്രിഡ്ജിലെ ദുർഗന്ധം

ഒരു പാത്രത്തിൽ കുറച്ച് കറിവേപ്പില എടുത്ത് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാം. ഇതിന്റെ പ്രകൃതിദത്ത ഗന്ധം ദുർഗന്ധത്തെ വലിച്ചെടുക്കുകയും നല്ല ഗന്ധം പരത്തുകയും ചെയ്യുന്നു.

സ്റ്റെയിൻലെസ് സ്റ്റീൽ

സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള സിങ്ക്, മറ്റ് വസ്തുക്കൾ എന്നിവ കാലക്രമേണ പഴക്കമുള്ളതാവുകയും മങ്ങലേൽക്കുകയും ചെയ്യുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ വസ്തുക്കളെ പോളിഷ് ചെയ്യാൻ കറിവേപ്പില നല്ലതാണ്. ഇത് അഴുക്കിനെയും കറയെയും നീക്കം ചെയ്ത് തിളക്കമുള്ളതാക്കുന്നു.

ഉറുമ്പിനെ തുരത്താം

ഉണങ്ങിയ കറിവേപ്പില പൊടിച്ചതിന് ശേഷം ഉറുമ്പ് വരാറുള്ള സ്ഥലങ്ങളിൽ വിതറാം. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ ഉറുമ്പുകൾക്കും മറ്റു കീടങ്ങൾക്കും സാധിക്കുകയില്ല.

Exit mobile version