Site icon Malayalam News Live

മയക്കുമരുന്ന് കടത്തുന്നുവെന്ന് രഹസ്യവിവരം; ചെക്പോസ്റ്റില്‍ 105 ഗ്രാം എംഡിഎംഎ പിടികൂടി; എക്സൈസിന്റെ പിടിയിലായത് മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനി

കണ്ണൂര്‍: കൂട്ടുപുഴ ചെക്പോസ്റ്റില്‍ വൻ മയക്കുമരുന്ന് വേട്ട.

അതിമാരക മയക്കുമരുന്നായ 105 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് കല്ലായി സ്വദേശി ഹുസ്നി മുബാറക് എക്സൈസിന്റെ പിടിയിലായി.

ബെംഗളൂരുവില്‍ നിന്ന് ബൈക്കില്‍ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഹുസ്നി മുബാറക്കെന്ന് എക്സൈസ് പറഞ്ഞു.

മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് എക്സൈസ് സംഘം കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്നുമായി പ്രതി അറസ്റ്റിലായത്.

ബെംഗളൂരുവില്‍ നിന്ന് ബൈക്കിലെത്തിയ ഇയാളെ എക്സൈസ് വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് വലിയ അളവില്‍ എം.ഡി.എം.എ ഇയാളില്‍ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തില്‍ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

Exit mobile version