Site icon Malayalam News Live

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്കെതിരെ മുൻ ബിസിനസ് പങ്കാളി മാനനഷ്ട കേസ് നല്‍കി.

ഡല്‍ഹി : എം.എസ് ധോണിക്കെതിരെ മാനനഷ്ടകേസ് നല്‍കി മുൻ ബിസിനസ് പങ്കാളി. മിഹിര്‍ ദിവാകറും ഭാര്യ സൗമ്യ വിശ്വാസുമാണ് ഡല്‍ഹി ഹൈകോടതിയില്‍ മുൻ ഇന്ത്യൻ നായകനെതിരെ മാനനഷ്ട കേസ് നല്‍കിയത്. ഇരുവരും ധോണിയുടെ മുൻ ബിസിനസ് പങ്കാളികളാണ്.

ഇരുവര്‍ക്കുമെതിരെ ധോണി ക്രിമിനല്‍ കേസ് നല്‍കിയിരുന്നു. തന്റെ 15 കോടി രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് ധോണിയുടെ പരാതി. ധോണിയില്‍ നിന്നും നഷ്ടപരിഹാരം ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം തങ്ങള്‍ക്കെതിരെ മോശമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെയും മാധ്യമങ്ങളേയും നിയന്ത്രിക്കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.

ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനെന്ന പേരില്‍ കരാറുണ്ടാക്കി വഞ്ചിക്കുകയും 15 കോടി രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് മിഹിറിനെതിരെയും സൗമ്യക്കെതിരെയും ധോണി പരാതി നല്‍കിയത്.ആഗോളതലത്തില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിനായി 2017ല്‍ ധോണിയുമായി ആര്‍ക്ക സ്പോര്‍ട്സ് കരാറൊപ്പിട്ടിരുന്നു. എന്നാല്‍, കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാൻ സ്ഥാപനം തയാറായില്ല.

ഫ്രാഞ്ചൈസി ഫീസും ഉടമ്ബടി പ്രകാരമുള്ള ലാഭവും പങ്കിടാതെ ആര്‍ക്ക സ്പോര്‍ട്സ് താരത്തെ വഞ്ചിക്കുകയായിരുന്നു. നിരവധി തവണ സ്ഥാപനത്തെ ബന്ധപ്പെട്ടിട്ടും ലീഗല്‍ നോട്ടീസ് അയച്ചിട്ടും ഫലമുണ്ടായില്ല. 2021 ആഗസ്റ്റ് 15ന് ആര്‍ക്ക സ്പോര്‍ട്സുമായുള്ള കരാര്‍ ധോണി റദ്ദാക്കി. ആര്‍ക്ക സ്പോര്‍ട്സ് കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തെന്നും 15 കോടിയിലധികം രൂപ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയത്.

 

 

Exit mobile version