Site icon Malayalam News Live

ക്രിക്കറ്റില്‍ വൻ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച്‌ ഐസിസി; ടെസ്റ്റില്‍ പിങ്ക് ബോള്‍ പരീക്ഷണം; ഡ്രിങ്ക്സ് ബ്രേക്കില്‍ പരിശീലകര്‍ക്ക് ഗ്രൗണ്ടിലിറങ്ങാം; പുതിയ നിയമങ്ങള്‍ ഒക്ടോബർ ഒന്ന് മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രാബല്യത്തില്‍

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ വൻ പരിഷ്കാരങ്ങള്‍ക്ക് അനുമതി നല്‍കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍.

വെളിച്ചക്കുറവ് മൂലം ടെസ്റ്റ് മത്സരങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാൻ പരീക്ഷണാടിസ്ഥാനത്തില്‍ പിങ്ക് ബോള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് അഹമ്മദാബാദില്‍ നടന്ന ഐസിസി വാർഷിക ബോർഡ് യോഗം അംഗീകാരം നല്‍കിയത്. ഇതിനുപുറമെ അഴിമതി ആരോപണങ്ങളെ തുടർന്ന് ക്രിക്കറ്റ് കാനഡയെ സസ്പെൻഡ് ചെയ്യാനും യോഗം തീരുമാനിച്ചു. പുതിയ നിയമങ്ങള്‍ 2026 ഒക്ടോബർ 1 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രാബല്യത്തില്‍ വരും.

ടെസ്റ്റില്‍ ഇനി ‘പിങ്ക് പന്ത്’ ട്വിസ്റ്റ്

വെളിച്ചക്കുറവ് കാരണം കളി നേരത്തെ അവസാനിപ്പിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ, ഇരു ടീമുകളുടെയും മുൻകൂർ സമ്മതത്തോടെ ടെസ്റ്റ് മത്സരങ്ങളില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാൻ ഐസിസി അനുമതി നല്‍കി. സാധാരണ രീതിയില്‍ ചുവന്ന പന്തില്‍ തന്നെയാണ് മത്സരം ആരംഭിക്കുക.

എന്നാല്‍ പകല്‍ വെളിച്ചം കുറയുകയും ഓവറുകള്‍ പൂർത്തിയാക്കാൻ ബാക്കിയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഫ്ലഡ്‌ലൈറ്റുകള്‍ തെളിയിച്ച്‌ പിങ്ക് പന്തിലേക്ക് കളി മാറ്റാം.

ഉദാഹരണത്തിന്, ഒരു ദിവസം എറിയേണ്ട 90 ഓവറുകളില്‍ 75 ഓവറുകള്‍ ചുവന്ന പന്തില്‍ പൂർത്തിയാക്കിയ ശേഷം വെളിച്ചക്കുറവ് അനുഭവപ്പെട്ടാല്‍, ബാക്കി 15 ഓവറുകള്‍ ഫ്ലഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ പിങ്ക് പന്ത് ഉപയോഗിച്ച്‌ കളിച്ച്‌ തീർക്കാം. മേരിലബോണ്‍ ക്രിക്കറ്റ് ക്ലബ്ബുമായി ചേർന്ന് സ്റ്റേഡിയങ്ങളിലെ ലൈറ്റിംഗ് സാങ്കേതികവിദ്യ മെച്ചപ്പെടുത്താനുള്ള ഗവേഷണങ്ങള്‍ക്കും ഐസിസി ഫണ്ട് നല്‍കും. എന്നാല്‍, പിങ്ക് പന്തിന് സ്വിംഗും സീം മൂവ്‌മെന്റും കൂടുതലായതിനാല്‍ മത്സരത്തിന്‍റെ ഗതി തന്നെ മാറ്റിയേക്കാവുന്ന ഈ നിയമത്തോട് ഇന്ത്യൻ ടീം ഉള്‍പ്പെടെയുള്ളവർ എങ്ങനെ പ്രതികരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഡ്രിങ്ക്സ് ബ്രേക്കില്‍ കോച്ചുമാർക്ക് മൈതാനത്തിറങ്ങാം

ടി20 ക്രിക്കറ്റിലെ സ്ട്രാറ്റജിക് ടൈം ഔട്ടിന് സമാനമായി ടെസ്റ്റ് മത്സരങ്ങളിലെ ഔദ്യോഗിക ഡ്രിങ്ക്സ് ബ്രേക്ക് സമയത്ത് ഹെഡ് കോച്ചുമാർക്കോ അവർ നിർദ്ദേശിക്കുന്ന പ്രതിനിധികള്‍ക്കോ മൈതാനത്തിറങ്ങി ടീമുമായി തന്ത്രങ്ങള്‍ ചർച്ച ചെയ്യാൻ അനുമതി നല്‍കും. കൂടാതെ, ടി20 മത്സരങ്ങളില്‍ 15 മിനിറ്റ് ഇടവേള നിർബന്ധമാക്കാനും ബാറ്റ്സ്മാൻമാർ കളി പുനരാരംഭിക്കുമ്പോള്‍ ഉടൻ തന്നെ ക്രീസില്‍ സജ്ജരാകണമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്.

ലെഗ് സൈഡ് വൈഡ് നിയമം സ്ഥിരമാക്കി

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ക്രിക്കറ്റില്‍ ലെഗ് സൈഡിലേക്ക് പോകുന്ന പന്തുകള്‍ കർശനമായി വൈഡ് വിളിക്കുന്ന നിയമം വിജയകരമായ പരീക്ഷണത്തിന് ശേഷം ഇനി മുതല്‍ സ്ഥിരമായി നടപ്പിലാക്കാൻ ഐസിസി തീരുമാനിച്ചു.

ഏറ് തടയാൻ ഹോക്ക്-ഐ സാങ്കേതികവിദ്യ

ബൗളർമാരുടെ നിയമവിരുദ്ധമായി കൈമടക്കി എറിയുന്ന ബൗളിംഗ് ആക്ഷൻ കണ്ടെത്തുന്നത് കൂടുതല്‍ കൃത്യമാക്കാൻ ഓണ്‍-ഫീല്‍ഡ് അമ്പയർമാർക്ക് ഇനി മുതല്‍ ഹോക്ക്-ഐ സാങ്കേതികവിദ്യയുടെ വിവരങ്ങള്‍ കൂടി പരിശോധിച്ച്‌ റിപ്പോർട്ട് ചെയ്യാൻ അനുമതിയുണ്ടാകും.

Exit mobile version