Site icon Malayalam News Live

പഠനത്തിനൊപ്പം വിദ്യാർഥികളില്‍ തൊഴില്‍നൈപുണ്യം വളർത്താം; പൊതുവിദ്യാലയങ്ങളില്‍ ക്രിയേറ്റീവ് ക്ലാസ്മുറികള്‍ ഒരുങ്ങുന്നു; സംസ്ഥാനത്ത് ക്രിയേറ്റീവ് കോർണറുകളാക്കിമാറ്റുക 600 ക്ലാസ് മുറികൾ

പാലക്കാട്: പഠനത്തിനൊപ്പം വിദ്യാർഥികളില്‍ തൊഴില്‍നൈപുണ്യം വളർത്തിയെടുക്കാൻ പൊതുവിദ്യാലയങ്ങളില്‍ ക്രിയേറ്റീവ് ക്ലാസ്മുറികള്‍ ഒരുങ്ങുന്നു.

സംസ്ഥാനത്ത് 600 ക്ലാസ് മുറികളാണ് ക്രിയേറ്റീവ് കോർണറുകളാക്കിമാറ്റുക. വയറിങ്, പ്ലംബിങ്, വുഡ് ഡിസൈനിങ്, പാചകം, കൃഷി, ഫാഷൻ ടെക്നോളജി, ഇലക്‌ട്രോണിക്സ് തുടങ്ങി വിവിധ മേഖലകളില്‍ ഇവിടെ പരിശീലനം നല്‍കും.

യു.പി. വിഭാഗത്തിലെ അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആവശ്യമെങ്കില്‍ സ്കൂളിലെ മറ്റ് വിദ്യാർഥികള്‍ക്കും ക്ലാസ്മുറി ഉപയോഗപ്പെടുത്താം.

പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താൻ ആവിഷ്കരിച്ച്‌ നടപ്പാക്കുന്ന ‘സ്റ്റാർസ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്രിയേറ്റീവ് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയാണ് സാങ്കേതികസഹായം നല്‍കുന്നത്.

സമഗ്രശിക്ഷാ കേരളയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലാതലങ്ങളില്‍ അധ്യാപകർക്ക് പ്രത്യേക പരിശീലനവും നല്‍കും.

രണ്ടുവർഷത്തിനകം ഒരുപഞ്ചായത്തില്‍ ഒരു സ്കൂളിലെങ്കിലും ക്രിയേറ്റീവ് ക്ലാസ്മുറി ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും 300 യു.പി. സ്കൂളുകളില്‍ ഉടൻ ക്രിയേറ്റീവ് ക്ലാസ് മുറികള്‍ പ്രവർത്തനം തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

Exit mobile version