Site icon Malayalam News Live

‘ഇത് സാമ്പിള്‍ വെടിക്കെട്ട്, യഥാര്‍ത്ഥ പൂരം വരാനിരിക്കുന്നേയുള്ളു’; സിപിഎം ഗുരുതരമായ പ്രതിസന്ധിയിലേക്കെന്ന് അൻവര്‍

മലപ്പുറം: സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടല്‍ മഞ്ഞുമലയുടെ അറ്റം മാത്രം എന്ന് പി വി അൻവർ എംഎല്‍എ.

മുൻപെങ്ങുമില്ലാത്തവിധം പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ സി പിഎമ്മെന്നും പിവി അൻവര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

ഗുരുതരമായ തരത്തില്‍ സി.പി.എമ്മില്‍ ആഭ്യന്തര പ്രതിസന്ധി മൂർഛിക്കുകയാണ്. നേതാക്കള്‍ക്കെതിരെ ഗുരുതര ലൈംഗിക, അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്.

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ കൊല്ലത്തും ആലപ്പുഴയിലുമൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ ഉയർന്നുവരുന്നതെന്നത് പ്രശ്നങ്ങളുടെ ഗൗരവം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഇവിടംകൊണ്ടവസാനിക്കുന്നില്ലെന്നും സംസ്ഥാന പാർട്ടിയെ വ്യക്തിപരമായും കുടുംബപരമായും സ്വാർഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും കുറേയാളുകള്‍ കയ്യടക്കിവെച്ചിരിക്കുകയാണെന്നും പിവി അൻവര്‍ പറഞ്ഞു.

നാളെ ഇത് സംസ്ഥാനമാകെ വ്യാപിക്കാൻപോവുകയാണ്. അതിന്‍റെ മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ടുകളാണ് ഇപ്പോള്‍ ഉയരുന്നതെന്നും യഥാർഥ പൂരം വരാനിരിക്കുന്നേയുള്ളൂവെന്നും പി.വി. അൻവർ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version