Site icon Malayalam News Live

നിക്ഷേപകര്‍ അറിഞ്ഞില്ല; നോട്ടീസ് വന്നപ്പോള്‍ ഞെട്ടി; സിപിഎം ഭരണത്തിലുള്ള സഹകരണ സംഘത്തില്‍ വായ്പാ തട്ടിപ്പ്

കണ്ണൂര്‍: എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ നിക്ഷേപകരുടെ പേരില്‍ വായ്പ തട്ടിപ്പെന്ന് പരാതി.

ഇടപാടുകാരായ അംഗങ്ങളുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങളുടെ വായ്പ എടുത്തതായാണ് കണ്ടെത്തല്‍. സഹകരണവകുപ്പിന്‍റെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവന്നത്.

എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ ഓഡിറ്റ് വിഭാഗത്തില്‍ നിന്ന് നോട്ടീസ് വന്നതോടെയാണ് ഇക്കാര്യം ഇടപാടുകാര്‍ അറിയുന്നത്. എടുത്ത വായ്പകള്‍ ഗഡുക്കളായി അടക്കണമെന്നാണ് നിർദേശം. നോട്ടീസ് കൈയില്‍ കിട്ടിയവരൊക്കെ അമ്പരന്നു.

എടുക്കാത്ത വായ്പയെങ്ങനെ തിരിച്ചടയ്കുമെന്നും തങ്ങളുടെ പേരില്‍ മറ്റാരെങ്കിലും വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതായിരിക്കുമെന്നും നോട്ടീസ് ലഭിച്ചതോടെ ആകെ അമ്പരന്നുവെന്നും പരാതിക്കാരനായ ടി കെ ആസാദ് പറഞ്ഞു.

ഉറങ്ങികിടക്കുന്നവരുടെ പേരില്‍ വരെ അവര്‍ അറിയാത്ത വായ്പ അടക്കാനുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും മാസം 20000 രൂപ വെച്ച്‌ അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നതെന്നും ആസാദ് പറഞ്ഞു. 1987 ലാണ് എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘം തുടങ്ങുന്നത്. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിനായും മറ്റുമാണ് ഇവിടെ നിന്ന് വായ്പ നല്‍കുക.

Exit mobile version