Site icon Malayalam News Live

എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐഎം

എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐഎം. തൃക്കാക്കരയില്‍ മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ സെബാസ്റ്റ്യനേയും എറണാകുളത്ത് പിഎന്‍ സീനുലാലിന്റെ മകന്‍ സോഹന്‍ സിനുലാലിനേയുമാണ് പരിഗണിക്കുന്നത്.

എന്നാല്‍, ജില്ലാസെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചു. പാര്‍ട്ടി അടിത്തറയുള്ളവരെ മത്സരിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം.

 

കഴിഞ്ഞ തവണ തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒരു പൊതുസ്വതന്ത്രനെ പരീക്ഷിച്ച്‌ പരാജയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇത്തവണ പൊതുസ്വതന്ത്രന്‍ വേണ്ട എന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ ഒരുവിഭാഗം നേതാക്കള്‍ സ്വീകരിച്ചത്. പകരം പാര്‍ട്ടിയോട് കൂറുള്ള ആരെയെങ്കിലും ആ സീറ്റില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവുമുയര്‍ന്നു. എന്നാല്‍ പ്രധാനമായും ഉയര്‍ന്നുവന്ന പേര് റോണ്‍ സെബാസ്റ്റ്യന്റേതായിരുന്നു. അദ്ദേഹം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്. മാത്രമല്ല, പാര്‍ട്ടിയുമായി അടുത്ത് നില്‍ക്കുന്ന കുടുംബം കൂടിയാണ്.

എറണാകുളത്ത് ചലച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയായ സോഹന്‍ സിനുലാലിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നത്. സിനുലാല്‍ 2009ല്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നതാണ്.

 

വൈപ്പിന്‍ എംഎല്‍എ ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അതിനെതിരെ ഒരു വിഭാഗം ഇന്നലെ രംഗത്തെത്തിയിരുന്നു. അഞ്ച് കൊല്ലമായി അവിടെ പ്രവര്‍ത്തിക്കുന്ന ഉണ്ണികൃഷ്ണനെ മാറ്റേണ്ടതുണ്ടോ എന്നതായിരുന്നു ഇവര്‍ ഉയര്‍ത്തിയ ചോദ്യം.

 

അതേസമയം, എല്‍ഡിഎഫിലെ സീറ്റ് വിഭജന പ്രഖ്യാപനം നീട്ടി. സീറ്റ് വിഭജനത്തിലെ ധാരണ ഇപ്പോള്‍ പ്രഖ്യാപിക്കേണ്ടെന്നാണ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീളുന്ന സാഹചര്യത്തിലാണ് തീരുമാനം.

 

Exit mobile version