Site icon Malayalam News Live

സി.പി.ഐ. കോട്ടയം ജില്ലാ സമ്മേളനം ഓഗസ്റ്റ് എട്ടു മുതല്‍ വൈക്കത്ത്; ജില്ലാ സെക്രട്ടറി മാറും; പകരക്കാരുടെ സാധ്യതാ പട്ടികയില്‍ നാലുപേര്‍

കോട്ടയം : രണ്ടാം ഊഴത്തിന് താനില്ലെന്ന് നേതൃത്വത്തെ അറിയിച്ച് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി ബിനു. യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാതിനിത്യം കൊടുക്കണമെന്നാണ് ബിനു സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിനുവിന്റെ ആവശ്യം നേതൃത്വം പരിഗണിച്ചാൽ ഓഗസ്റ്റിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ പുതിയ അധ്യക്ഷനെ സിപിഐക്കും കണ്ടെത്തേണ്ടിവരും.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ നയിക്കാൻ കെൽപ്പുള്ള ആളെ വേണമെന്ന് ആവശ്യമാണ് അണികൾ ഉയർത്തുന്നത്. നിലവിൽ പാർട്ടി കോട്ടയം ജില്ലയിൽ പിന്നിൽ പോവുകയാണെന്ന് കേരള കോൺഗ്രസ് എമ്മിന് സിപിഎം അമിത പ്രാധാന്യം നൽകുന്നു എന്നതും സിപിഐയിൽ അമർഷത്തിന് കാരണമാകുന്നുണ്ട്. കേരള കോൺഗ്രസ് എൽഡിഎഫിൽ വന്നതോടെ പ്രത്യേകിച്ചും കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടിവന്നത് സിപിഐ ആണെന്നാണ് അണികളുടെ വികാരം.

ഈ സാഹചര്യത്തിൽ പാർട്ടിയെ ജില്ലയിൽ മുന്നോട്ടു നയിക്കാൻ കെൽപ്പുള്ള ഒരാൾ തന്നെ നേതൃസ്ഥാനത്തേക്ക് വരണം. ഇതോടെ കഴിഞ്ഞതവണ ബിനുവിനോട് പരാജയപ്പെട്ട എഐടിയുസി ജില്ലാ സെക്രട്ടറി കൂടിയായ വി.കെ സന്തോഷ് കുമാർ, നിലവിലെ ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാളായ ജോൺവി ജോസഫ്, ജില്ലാ ട്രഷറർ ബാബു കെ ജോർജ് എന്നിവരിൽ ഒരാൾ സെക്രട്ടറി ആകും. വൈക്കം മുൻ എംഎൽഎ കെ അജിത്തിന്റെ പേരും പരിഗണനയിലുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്ന ബിനു സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയേക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാളായ അല്ലെങ്കിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ബിനുവിനെ പരിഗണിക്കും. നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഉറച്ച സീറ്റിൽ ഒന്നോ, രാജ്യസഭ സീറ്റോ ബിനുവിന് നൽകിയേക്കാം. 2016ലെ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ബിനു മത്സരിച്ചിരുന്നു. ഇപ്പോൾ കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസ് എമ്മിന്റെ പക്കലാണ്.

Exit mobile version