Site icon Malayalam News Live

വിവാഹ വാർഷികാഘോഷ രാത്രിയിൽ ദമ്പതികൾ തൂങ്ങിമരിച്ചു; ഭാര്യയെ കെട്ടഴിച്ച് കട്ടിലിൽ കിടത്തി പൂക്കൾകൊണ്ട് അലങ്കരിച്ച് ഭർത്താവും തൂങ്ങിമരിച്ചു; മരണം ചിത്രങ്ങളും ആത്മഹത്യ കുറിപ്പും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ

നാഗ്പൂർ: 26-ാം വിവാഹ വാർഷികം ആഘോഷിച്ച ശേഷം മാർട്ടിൻ നഗറിലെ വസതിയിൽ ആത്മഹത്യ ചെയ്ത് ദമ്പതികൾ. സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ പങ്കെടുത്ത വാർഷികാഘോഷ രാത്രിയ്ക്ക് പിറ്റേ ദിവസം രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ജെറിൽ ഡാംസൺ ഓസ്‌കാർ മോൺക്രിഫ് (57) ഭാര്യ ആൻ (46) എന്നിവരാണ് മരിച്ചത്. വിവാഹ വാർഷികത്തിന് അണിഞ്ഞ വസ്ത്രം പോലും മാറാതെ ഡ്രോയിംഗ് റൂമിലെ കട്ടിലിലാണ് ആനിന്റെ മൃതദേഹം കണ്ടെത്തിയത്. ആനിന്റെ മൃതദേഹം പൂക്കളാൽ മൂടപ്പെട്ടിരുന്നു.

അതേസമയം, ജെറിലിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വാർഷികാഘോഷത്തിന്റെ ഫോട്ടോകളോടൊപ്പം ഒരു ആത്മഹത്യാക്കുറിപ്പെന്ന് തോന്നിക്കുന്ന കുറിപ്പുൾപ്പെടെയാണ് ദമ്പതികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

ദമ്പതികൾ ആത്മഹത്യ ചെയ്യാനുള്ള മരണകാരണം വ്യക്തമല്ല. ആദ്യം ആൻ തൂങ്ങി മരിച്ച ശേഷം ഭർത്താവ് മൃതദേഹം കെട്ടഴിച്ച് കട്ടിലിൽ കിടത്തുകയായിരുന്നുവെന്നും പൂക്കൾ ചുറ്റും വച്ച് അടുത്തതായി തന്റെ ഊഴം തെരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ദമ്പതികളുടെ അന്ത്യാഭിലാഷം പോലെത്തന്നെ കൈകോർത്ത് ഒരു ശവപ്പെട്ടിയിലാണ് ഇരുവരെയും ജരിപത്ക കത്തോലിക്കാ സെമിത്തേരിയിൽ അടക്കം ചെയ്തത്. മരണരാത്രിയ്ക്ക് ശേഷം പുലർച്ചെയാണ് ദമ്പതികളു‌ടെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ് ബന്ധുക്കൾ ഉൾപ്പെടെ കാണുന്നത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിശദമായ പരിശോധനയ്ക്കായി ദമ്പതികളുടെ മൊബൈൽ ഫോണുകൾ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

Exit mobile version