Site icon Malayalam News Live

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം; ജോലി തേടുന്നവർക്കും മാസം 1000 രൂപ സാമ്പത്തിക സഹായം

കേരളത്തിലെ യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരിക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുന്ന ‘ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eemployment.kerala.gov.in മുഖേന ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ/ രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ/ ‘ഡീംഡ്’ സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവ്വീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയിൽവെ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരിക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യപരിശീലനം, മത്സര പരീക്ഷാ പരിശീലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 (പന്ത്രണ്ട്) മാസത്തേക്ക് മാത്രമേ ഈ സ്‌ക്കോളർഷിപ്പ് ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സർട്ടിഫിക്കറ്റ്/ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് – പകർപ്പ് ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനായി വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഹാജരക്കാണം. അഡ്രസ്സ് പ്രൂഫിനായി ഇലക്ഷൻ ഐ.ഡി/ സ്‌കൂൾ സർട്ടിഫിക്കറ്റ്/ പാസ്‌പോർട്ട്‌/ ഡ്രൈവിംഗ് ലൈസൺസ്- പകർപ്പ് ഹാജരാക്കണം. വരുമാനം തെളിയിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം. ബാങ്ക് ആക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവയ്ക്കായി ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് ഹാജരാക്കണം. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം, മൽസര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മൽസര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരങ്ങൾ എന്നിവ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും നൽകണം.

Exit mobile version