Site icon Malayalam News Live

‘തീരുമാനത്തില്‍ മാറ്റം’, കേരളത്തിലെ മൂന്ന് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കും; എഐസിസി തീരുമാനം ജയസാദ്ധ്യത മാത്രം പരിഗണിച്ച്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്.

കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ജയസാദ്ധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്നും മൂന്ന് എംപിമാര്‍ക്ക് ഇളവ് നല്‍കാനുമാണ് തീരുമാനം. കണ്ണൂര്‍ എംപി കെ.സുധാകരന്‍, കോഴിക്കോട് എംപി എം.കെ രാഘവന്‍, ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇളവ് ലഭിക്കുക.

 

കെ സുധാകരന്‍ കണ്ണൂര്‍ മണ്ഡലത്തിലും എംകെ രാഘവന്‍ കോഴിക്കോട് നോര്‍ത്തിലും അടൂര്‍ പ്രകാശ് കോന്നി മണ്ഡലത്തിലുമാണ് മത്സരിക്കുക. ഇത് സംബന്ധിച്ച പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാഹുല്‍ ഗാന്ധിയുമായി നേരിട്ടാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

 

മൂന്ന് എംപിമാര്‍ മത്സരിക്കുമ്പോള്‍ ഇവര്‍ക്ക് പകരം ആര് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നതിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എംപിമാര്‍ മത്സരിക്കുമ്പോള്‍ പകരം ലോക്‌സഭ മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ പോന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയെന്ന വെല്ലുവിളി കൂടി പരിഗണിക്കുന്നതാണ് മറ്റ് ചില എംപിമാരുടെ നിയമസഭാ മോഹത്തിന് തിരിച്ചടിയായത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് യോഗത്തില്‍ ധാരണയായിരുന്നു.

 

എന്നാല്‍ നിലനില്‍പ്പിന്റെ പോരാട്ടമായി കാണുന്നതും സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുമ്പോള്‍ ചിലര്‍ക്ക് ഇളവ് നല്‍കേണ്ടിവരുമെന്നും അത് മറ്റ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ഗുണം ചെയ്യുമെന്നുമാണ് കനഗോലുവിന്റെ റിപ്പോര്‍ട്ട്. ഇത് പരിഗണിച്ചാണ് കേരളത്തില്‍ ചിലര്‍ക്ക് ഇളവ് നല്‍കുന്നതിനുള്ള തീരുമാനത്തിലേക്ക് രാഹുല്‍ ഗാന്ധിയും എത്തിയത് എന്നാണ് വിവരം.

 

Exit mobile version