Site icon Malayalam News Live

ആകാംക്ഷാഭരിതം..! ആരൊക്കെയാകും പുതിയ മന്ത്രിമാ‍‌ര്‍? അണിയറയില്‍ ഒരുങ്ങുന്നത് ആരൊക്കെ? ആദ്യ മൂന്ന് പേരുകള്‍ കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേൾക്കുന്നത് സണ്ണി ജോസഫിന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെയും പേരുകൾ; മന്ത്രി സ്ഥാനത്തേക്ക് തലസ്ഥാനത്ത് നിന്ന് കെ മുരളീധരനും സാധ്യത; പട്ടികയിൽ എൻ ശക്തനും പി സി വിഷ്ണുനാഥും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പുതിയ മന്ത്രിസഭയടക്കം രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് യുഡിഎഫ്.

മുഖ്യമന്ത്രി ചർച്ചകളും നടക്കുന്നുണ്ടെന്നാണ് വിവരം. വി ഡി സതീശനും, കെ സി വേണുഗാപാലും, രമേശ് ചെന്നിത്തലയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്ന നേതാക്കള്‍.

എന്നാല്‍, ആദ്യത്തെ മൂന്ന് പേരുകള്‍ കഴിഞ്ഞാല്‍ സീനിയോരിറ്റി കൊണ്ടും സ്ഥാനം കൊണ്ടും വരുന്ന പേരുകള്‍ സണ്ണി ജോസഫിന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണനും ആയിരിക്കും. മുൻപ് രണ്ട് തവണ മന്ത്രിയായിരുന്ന ആളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കെ മുരളീധരനും കോണ്‍ഗ്രസിലെ മുതിർന്ന നേതാവാണ്. എംഎല്‍എ ആകാതെ മന്ത്രിയായി തുടർന്നയാളാണ് കെ മുരളീധരൻ. പിന്നീട് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. തിരുവനന്തപുരത്ത് നിന്നും മന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള ഒരു നേതാവ് കെ മുരളീധരനാണ്.

മുൻ സ്പീക്കറും മുൻ ഗതാഗത മന്ത്രിയുമായ എൻ ശക്തനും സാധ്യതാ പട്ടികയില്‍ ഉണ്ട്. കൊല്ലം കുണ്ടറയില്‍ നിന്ന് വിജയിച്ച്‌ കയറിയ പി സി വിഷ്ണുനാഥും സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വണ്ടൂർ എംഎല്‍എയും മുൻ മന്ത്രിയുമായിരുന്ന എ പി അനില്‍ കുമാറും കൂട്ടത്തിലുണ്ട്.

സാധ്യതാ പട്ടികയില്‍ വളരെ സർപ്രൈസിംഗ് ആയി എടുത്തു പറയേണ്ടത് ചാണ്ടി ഉമ്മന്റെ പേരാണ്. കോട്ടയത്ത് നിന്നും മികച്ച ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. കോട്ടയത്തു നിന്നും തിരുവഞ്ചൂരിനൊപ്പം ഉയർന്നു കേള്‍ക്കുന്ന പേര് കൂടിയാണിത്.

കഴിഞ്ഞ 5 വർഷം കൊണ്ട് പ്രതിപക്ഷമായിരുന്ന യുഡിഎഫില്‍ നിന്ന് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചയാളാണ് മാത്യു കുഴല്‍നാടൻ. കേരളത്തിലെ പുതിയ മന്ത്രിസഭാ ചർച്ചകള്‍ നടക്കുമ്പോള്‍ മാത്യു കുഴല്‍ നാടന്റെ പേരും ഉയർന്നു കേള്‍ക്കുന്നു.

മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ടി സിദ്ദീഖും ലിസ്റ്റിലുണ്ട്. കല്‍പ്പറ്റയില്‍ രണ്ടാം ടേമിലും ടി സിദ്ധീഖ് എംഎല്‍എ ആയി വിജയിച്ചിട്ടുണ്ട്.

കായംകുളത്ത് നിന്ന് യു പ്രതിഭയെ തോല്‍പ്പിച്ച എം ലിജുവും പരിഗണനയിലുണ്ട്. മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമാണ് എം. ലിജു. എറണാകുളത്തു നിന്നുള്ള ടി ജെ വിനോദും സാധ്യതാപ്പട്ടികയിലുണ്ട്. രമേഷ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത അനുയായി കൂടെയാണ് ടി ജെ വിനോദ്.

ഇത്തവണത്തോടെ ഹാട്രിക് അടിച്ച എം വിൻസെന്റ്, പാലക്കാട് നിന്ന് വി ടി ബല്‍റാം, ഇടുക്കിയില്‍ നിന്ന് റോയി കെ പൗലോസ്, കൊല്ലത്ത് നിന്ന് ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാനും സാധ്യതകളുണ്ട്. ആരൊക്കെയാകും മന്ത്രിമാ‍‌ർ എന്നത് സംബന്ധിച്ച്‌ പ്രാഥമികമായ സാധ്യതാ പട്ടികയാണിത്.

മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് പട്ടികയില്‍ ഉണ്ടാകുക. ഇതില്‍ മുസ്ലീം ലീഗില്‍ നിന്ന് 5 മന്ത്രിമാ‌‍ർ ഇത്തവണ ഉണ്ടാകുമെന്നാണ് കരുതുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് രണ്ട് മന്ത്രി സ്ഥാനമാണ് ഇത്തവണ ആവശ്യപ്പെടുന്നത്. ഇവിടെ ഒരു സീറ്റ് നല്‍കാനാണ് സാധ്യത. ആ‍ർ എസ് പിക്കും ഒരു മന്ത്രി സ്ഥാനം നല്‍കും.

Exit mobile version