Site icon Malayalam News Live

നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിന് സസ്‌പെൻഷൻ; പാര്‍ട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് വിശദീകരണം

മലപ്പുറം: നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിന് സസ്‌പെൻഷൻ.

മലപ്പുറം ഡിസിസി അംഗം എ പി മൊയ്‌തീനെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയാണ് മൊയ്‌തീനെതിരെ നടപടി സ്വീകരിച്ചത്.

പാര്‍ട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിനുമാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. മലപ്പുറം തിരൂരില്‍ നടന്ന നവകേരള സദസിന്റെ പ്രഭാത യോഗത്തിലാണ് മൊയ്‌തീൻ പങ്കെടുത്തത്. നവകേരള സദസില്‍ പങ്കെടുക്കരുതെന്ന യുഡിഎഫ് ആഹ്വാനത്തെ ബഹിഷ്‌കരിച്ച്‌ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ വീണ്ടും നവകേരള സദസില്‍ പങ്കെടുത്തത് പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങളും മലപ്പുറം തിരൂരിലെ നവകേരള സദസിലെത്തിയിരുന്നു. ഇവര്‍ക്ക് പുറമെ താനാളൂര്‍ മുൻ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ പി പി ഇബ്രാഹിമും യോഗത്തിനെത്തിയിരുന്നു.

Exit mobile version