Site icon Malayalam News Live

അതിവേഗത്തില്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍; ഇന്നും നാളെയും അതിനിര്‍ണായക ദിനങ്ങള്‍; സ്ക്രീനിംഗ് കമ്മിറ്റി ചെയര്‍മാൻ മധുസൂദൻ മിസ്ത്രി തിരുവനന്തപുരത്ത്

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിനുള്ള കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്നും നാളെയും തിരുവനന്തപുരത്ത് പാർട്ടി നേതാക്കളെ കാണും.

സിറ്റിങ്ങ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതില്‍ ഉള്‍പ്പെടെ അഭിപ്രായം തേടും. സ്ഥാനാർഥി നിർണയത്തിന് പാനല്‍ നല്‍കാൻ ഡിസിസി പ്രസിഡന്‍റുമാരോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച ഇന്നും തുടരും. രണ്ടു വട്ടം ചർച്ച നടത്തിയെങ്കിലും സീറ്റ് വച്ചു മാറലില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ ഘടക കക്ഷികളുടെ അവകാശവാദത്തിന് ഇതുവരെ അനുകൂലമായി പാർട്ടി പ്രതികരിച്ചിട്ടില്ല. നാല് സീറ്റ് ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് പി ജെ ജോസഫ് വിഭാഗം വഴങ്ങിയിട്ടുമില്ല. ഇതിനിടെ ചർച്ചകള്‍ക്കായി പി വി അൻവർ ഇന്നലെ പ്രതിപക്ഷ നേതാവിന്‍റെ വസതിയില്‍ എത്തിയിരുന്നു.

ബേപ്പൂരിലെ സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നും മറ്റ് ജില്ലകളില്‍ യുഡിഎഫിന് ജയിക്കാൻ കഴിയാതിരുന്ന സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ പറഞ്ഞു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ പിടിവാശിയില്ല. തീരുമാനം യുഡിഎഫിന് വിടുന്നു. നിരുപാധിക പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു.

Exit mobile version