Site icon Malayalam News Live

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സൻ കീഴടങ്ങി

പാലക്കാട്: ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ലൈംഗിക പീഡനക്കേസ് പ്രതിയായ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ് വത്സലൻ കീഴടങ്ങി.

 

പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള പരാതി. പ്രതിയെ വൈദ്യ പരിശോധന പൂർത്തിയാക്കി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

 

 

 

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രശോഭിനായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. മണ്ണാർക്കാട് എസ് സി-എസ് ടി കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് പ്രശോഭ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പരാതി വന്ന് മാസങ്ങളായിട്ടും പൊലീസിന് പ്രശോഭിനെ പിടികൂടാൻ സാധിച്ചിരുന്നില്ല.

 

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച്‌ താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മുഖ്യമന്ത്രിക്ക് അതിജീവിത നല്‍കിയ പരാതി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

പ്രതിയെ പിടികൂടാൻ പൊലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെ പാലക്കാട്ടെ ഒരു അഭിഭാഷകൻ മുഖേന മണ്ണാർക്കാട് എസ് സി/എസ് ടി പ്രത്യേക കോടതിയില്‍ പ്രശോഭ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരുന്നു. നിരപരാധിയാണെന്നും ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തോട് സഹകരിക്കാമെന്നുമാണ് പ്രശോഭ് മുൻകൂർ ജാമ്യ അപേക്ഷയിലൂടെ കോടതിയെ അറിയിച്ചത്. ഇത് തള്ളിയതിന് പിന്നാലെയാണ് പ്രശോഭ് ഹൈക്കോടതിയിലെത്തിയത്.

 

 

Exit mobile version