Site icon Malayalam News Live

വയനാട് ദുരന്ത ബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കും, ദുരിത ബാധിതര്‍ക്ക് വാടക വീട്ടിലേക്ക് മാറാന്‍ പ്രതിമാസം 6,000 രൂപ നൽകും

തിരുവനന്തപുരം: ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് എടുക്കുക. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ദുരിത ബാധിതര്‍ക്ക് വാടക വീട്ടിലേക്ക് മാറാന്‍ പ്രതിമാസം 6,000 രൂപ വീതം വാടക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ബന്ധുവീട്ടിലേക്ക് താമസം മാറുന്നവര്‍ക്കും ഈ തുക കിട്ടും. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൂര്‍ണമായി സ്‌പോണ്‍സര്‍ഷിപ്പിലൂടെ മാറുന്നവര്‍ക്കും ഈ തുക ലഭിക്കില്ല. അതേസമയം, ദുരന്ത ബാധിത മേഖലകളില്‍ ഇന്നും തിരച്ചില്‍ തുടരുകയാണ്.

പ്രത്യേക സോണുകളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തിരച്ചില്‍. വിദഗ്ദ്ധ സംഘം പ്രദേശത്ത് പരിശോധന തുടരുന്നുണ്ട്. രാവിലെ ഏഴ് മണിയോടെ പുനരാരംഭിച്ച തിരച്ചില്‍ തുടരുകയാണ്.

Exit mobile version