കൊച്ചി: എറണാകുളം മഴുവന്നൂരിൽ കോളേജ് അധ്യാപകനെ വീടിനു സമീപം മരിച്ചനിലയിൽ കണ്ടെത്തി.
മഴുവന്നൂർ കവിതപ്പടിയിൽ വെണ്ണിയേത്ത് വി.എസ്. ചന്ദ്രലാലി (41) നെയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ വീടിനു സമീപമുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയറുകീറി ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. ആത്മഹത്യയെന്ന് പോലീസ്.
ഉച്ചയോടെ ചന്ദ്രലാൽ പറമ്പിലേക്ക് പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. വൈകീട്ട് അയൽവാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. സ്വന്തം ശരീരം മുറിവേൽപ്പിക്കുന്ന മാനസികവെല്ലുവിളി നേരിടുന്ന ആളാണ് ചന്ദ്രലാൽ എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിൽ ആയിരുന്നു എന്നാണ് വിവരം.
ഹിന്ദി പ്രൊഫസർ ആയിരുന്ന ശ്രീലാൽ രണ്ടാഴ്ച കോളേജിൽ നിന്നും അവധിയെടുത്തിരുന്നു. മൂന്നുമാസം മുമ്പാണ് ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ വേർപാടിൽ ഇദ്ദേഹം അതീവ ദുഃഖിതനായിരുന്നു എന്നാണ് ബന്ധുക്കളും സമീപവാസികളും പറയുന്നത്.
റൂറൽ എഎസ്പി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് പൊലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.
ഭാര്യ: വിനയ (ഗെസ്റ്റ് അധ്യാപിക, കൂത്താട്ടുകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ).
മക്കൾ: മീരജ (ഏഴാം ക്ലാസ് വിദ്യാർത്ഥിനി), മിരവ് ( രണ്ടാം ക്ലാസ് വിദ്യാർത്ഥി)
