Site icon Malayalam News Live

സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർത്ഥിക്ക് കുത്തേറ്റു; ശ്വാസകോശം തുളച്ചുകയറി ​ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അസ്‌ലമിനാണ് കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ സ്കൂളിലെ പ്ലസ് വണ്ണിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികളാണ് അസ്‌ലമിനെ ആക്രമിച്ചത്. പൂവച്ചൽ ബാങ്ക് നട ജംങ്ഷനിലൂടെ നടന്നു പോകുകയായിരുന്ന അസ്‍ലമിനെ പിന്നിലൂടെ വന്നാണ് വിദ്യാർത്ഥികൾ ആക്രമിച്ചത്.

കത്തി ഉപയോ​ഗിച്ച് പിന്നിലൂടെ കഴുത്തിൽ കുത്തുകയായിരുന്നു. കത്തി അസ്‍ലമിന്റെ ശ്വാസകോശം തുളച്ചുകയറിയിട്ടുണ്ട്. ഒരു മാസം മുൻപ് സ്കൂളിലെ പ്ലസ് വൺ- പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

അന്ന് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനും പി.ടി.എ പ്രസിഡ‍ന്റിനും പരിക്കേറ്റിരുന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്നതെന്നാണ് പോലീസ് പറയുന്നത്. പ്രിൻസിപ്പളായ പ്രിയയെ വിദ്യാർത്ഥികൾ കസേര കൊണ്ടു അടിക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 18 വിദ്യാർത്ഥികളെ സ്കൂളിൽ നിന്നു പുറത്താക്കി. സംഭവത്തിൽ 20 വിദ്യാർത്ഥികൾക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നു.

Exit mobile version