Site icon Malayalam News Live

സിജെ റോയ്‌യുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ നടക്കും; റോയ്‌യുടെ കുടുംബാംഗങ്ങൾ വിദേശത്തു നിന്നും നാട്ടിലെത്തി

ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ്‌യുടെ സംസ്‌കാരം ഇന്ന്. വൈകീട്ട് ബെന്നര്‍ഘട്ടയിലെ അദ്ദേഹത്തിന്റെ റിസോര്‍ട്ടിലാണ് സംസ്‌കാരം നടക്കുക. മരണത്തില്‍ അന്വേഷണം തുടരുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശിവാജി നഗര്‍ ബൗറിങ്ങ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ടു മണിയ്ക്ക് ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടിലേക്ക് കൊണ്ടു പോകും. പത്ത് മണി മുതല്‍ റിസോര്‍ട്ടില്‍ പൊതുദര്‍ശനം. അതിന് ശേഷം സമീപത്തെ പള്ളിയില്‍ അന്ത്യ ശുശ്രൂഷ ചടങ്ങുകള്‍ നടക്കും. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക. കേരളത്തില്‍ നിന്നും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിച്ചേരും. വിദേശത്ത് നിന്നും റോയ്‌യുടെ കുടുംബം ഇന്നലെ ബെംഗളൂരുവില്‍ എത്തിയിരുന്നു.

അതേസമയം റോയ്‌യുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഡിഐജി വംശി കൃഷ്ണയ്ക്ക് ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡിസിപി ലോകേഷും സംഘത്തിലുണ്ട്. ഹൃദയത്തില്‍ വെടിയുണ്ട തുളച്ച് കയറിയാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് റോയ്‌യുടെ കുടുംബം ഉന്നയിച്ചത്. റെയ്ഡ് നടക്കുമ്പോള്‍ റോയ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നാണ് ഇവര്‍ നല്‍കുന്ന സൂചന.

Exit mobile version