Site icon Malayalam News Live

സിനിമാ ചിത്രീകരണത്തിന് പിന്നാലെ നടൻ ശ്രേയസ് തല്‍പാഡെയ്‌ക്ക് ഹൃദയാഘാതം ; ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

 

മുംബൈ : ബോളിവുഡ്, മറാഠി സിനിമകളിലൂടെ ശ്രദ്ധേയനായ താരം ടു ദി ജംഗിള്‍ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു. ഇന്നലെ ചിത്രീകരണം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ അന്ധേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണത്തിനായി താരം എത്തിയത്. ഇന്നലെ കൂടുതലും ശ്രേയസിന്റെ രംഗങ്ങളാണ് ചിത്രീകരിച്ചത്. ഇതില്‍ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണവും ഉണ്ടായിരുന്നു. ചിത്രീകരണ സമയത്ത് ശാരീരിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൂര്‍ണ ആരോഗ്യവാനായാണ് കണ്ടതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

മറാഠി സീരിയലുകളിലൂടെയാണ് നടൻ സിനിമയിലെത്തിയത്. ശ്രേയസിന്റെ ആദ്യ ചിത്രം ഇഖ്ബാലി (2005)യായിരുന്നു. പിന്നീട് മറാഠിയിലും ഹിന്ദിയിലുമുള്‍പ്പെടെ നാല്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഓം ശാന്തി ഓം, വെല്‍കം ടു സജ്ജൻപൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

 

 

 

Exit mobile version