Site icon Malayalam News Live

ക്രിസ്മസ്- പുതുവത്സര ബംമ്പര്‍ ലോട്ടറിയുടെ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിൻവലിച്ചു; അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിക്കും

തിരുവനന്തപുരം: ലോട്ടറി ഏജന്റുമാരുടെ വ്യാപക പ്രതിഷേധത്തെത്തുടർന്ന് ക്രിസ്മസ്- പുതുവത്സര ബംപർ ലോട്ടറിയുടെ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചു.

ക്രിസ്മസ്- പുതുവത്സര ബംപർ ലോട്ടറിയുടെ ആകെ സമ്മാനത്തുക 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനുള്ള വിജ്ഞാപനം റദ്ദാക്കി സമ്മാനത്തുകയും കമ്മിഷനും പുനഃസ്ഥാപിച്ചു. ഇതോടെ സമ്മാന തുകയില്‍ മാറ്റം വരുത്തി അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.

ഈ മാസം അഞ്ചിനു പൂജാ ബംപർ നറുക്കെടുപ്പിനു പിന്നാലെയാണ് ക്രിസ്മസ്- പുതുവത്സര ബംപർ വിപണിയിലെത്തേണ്ടിയിരുന്നത്. സമ്മാനത്തുകയിലും കമ്മീഷനിലും മാറ്റം വരുത്താൻ ലോട്ടറി വകുപ്പ് തീരുമാനിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ഇതോടെ ഏജന്റുമാർ പ്രതിഷേധമറിയിച്ച്‌ രംഗത്തെത്തി. ഇതേതുടർന്ന് ഈ മാസം അഞ്ചിനു വിപണിയിലെത്തേണ്ടിയിരുന്ന ക്രിസ്മസ് ബംപർ ലോട്ടറി ഇപ്പോഴും ഇറക്കാനായിട്ടില്ല.

5000, 2000, 1000 രൂപ സമ്മാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച്‌ ഈ മാസം നാലിനു സർക്കാർ ഇറക്കിയ വിജ്ഞാപനമാണ് പ്രശ്നങ്ങള്‍ക്കു വഴിവച്ചത്. സമ്മാനത്തുകയിലെ കുറവിനു പുറമേ ഏജന്റുമാർക്കുള്ള കമ്മിഷനും 93.16 ലക്ഷം രൂപ വെട്ടിച്ചുരുക്കി.

ഇത്തരത്തില്‍ 30 ലക്ഷം ടിക്കറ്റ് അച്ചടിക്കാൻ ഓർഡറും നല്‍കി. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴാണ് പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ബംപർ ടിക്കറ്റിന്റെ വിതരണം സർക്കാർ തന്നെ അവതാളത്തിലാക്കിയത്.

Exit mobile version