Site icon Malayalam News Live

നാലു വയസ്സുകാരൻ സ്കൂളിൽനിന്നു കഴിച്ച ചോക്കലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തിയ സംഭവം; യുകെജി വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: നാലു വയസ്സുകാരൻ സ്കൂളിൽനിന്നു കഴിച്ച ചോക്കലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. മണർകാട് അങ്ങാടിവയൽ സ്വദേശിയായ യുകെജി വിദ്യാർത്ഥിയുടെ അമ്മയാണ് കോട്ടയം എസ്പിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയത്.

എന്നാൽ, ചോക്കലേറ്റ് കഴിച്ചതുകൊണ്ടാണോ കുട്ടിക്കു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് വ്യക്തമല്ല. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ഉള്ളിൽ ചെന്നിരിക്കുന്നത് ബെൻസോഡയാസിപൈൻസ് എന്ന ലഹരിപദാർത്ഥമാണ്.

ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെ രോഗാവസ്ഥയുള്ളവരുടെ ചികിത്സകൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിഭാഗമാണു ബെൻസോഡയാസിപൈൻസ്. ഇതെങ്ങനെയാണ് കുട്ടിയുടെ ശരീരത്തിൽ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. കുട്ടി അന്നേ ദിവസം എന്തൊക്കെ ഭക്ഷണം കഴിച്ചിരുന്നെന്ന് അറിഞ്ഞെങ്കിൽ മാത്രമേ ഇക്കാര്യം കണ്ടെത്താനാകൂ.

സ്കൂളിൽ കുട്ടിക്ക് രാവിലെ കഴിക്കാനായി കൊടുത്തുവിട്ട ബിസ്കറ്റും ഉച്ചയ്ക്കു കഴിക്കാൻ കൊടുത്ത ചിക്കൻ വറുത്തതും തൈരും കഴിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് ഉച്ചയ്ക്ക് കുട്ടി ചോക്‌ലേറ്റും കഴിച്ചതായി പറയുന്നു. പിന്നീട് കുട്ടി എന്തെങ്കിലും കഴിച്ചോ എന്നത് വ്യക്തമല്ല. ഈ കുട്ടിക്കൊപ്പം ചോക്കലേറ്റ് പങ്കവച്ചു കഴിച്ച സഹപാഠിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ 17നു സ്കൂളിൽനിന്നു മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ, കുട്ടി രോഗബാധിതനാണെന്നു കരുതി വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിക്ക് ഉയർന്ന അളവിൽ രക്തസമ്മർദവും അനുഭവപ്പെട്ടു.

19നു വൈകിട്ട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ കുട്ടിയുടെ ഉള്ളിൽ ബെൻസോഡയാസിപൈൻസ് എന്ന ലഹരിപദാർഥം എത്തിയതായി കണ്ടെത്തി. ചികിത്സയ്ക്കു ശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു.

Exit mobile version