Site icon Malayalam News Live

ചിന്നസ്വാമി ടെസ്റ്റില്‍ പൊരുതാനുറച്ച്‌ ഇന്ത്യ; രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് അര്‍ധ സെഞ്ച്വറികള്‍

ബാംഗ്ലൂർ: ചിന്നസ്വാമി ടെസ്റ്റില്‍ പൊരുതാനുറച്ച്‌ ടീം ഇന്ത്യ.

ആദ്യ ഇന്നിങ്‌സില്‍ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ് നിര ഫോം വീണ്ടെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ പിറന്നത് മൂന്ന് അർധ സെഞ്ച്വറികള്‍.

ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും സർഫറാസ് ഖാനും അർധ സെഞ്ച്വറി കുറിച്ചു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 231 റണ്‍സെടുത്തിട്ടുണ്ട്. സന്ദർശകരുടെ ലീഡ് മറികടക്കാൻ ഇനിയും 125 റണ്‍സ് കൂടി വേണം.

കിവീസ് ഉയർത്തിയ കൂറ്റൻ ലീഡ് മറികടക്കാൻ വേഗത്തില്‍ സ്‌കോറുയർത്തണം എന്നിരിക്കേ ചിലത് കരുതിയുറപ്പിച്ചാണ് ഇക്കുറി രോഹിതും സംഘവും കളത്തിലിറങ്ങിയത്. സ്‌കോർബോർഡില്‍ 72 റണ്‍സ് ചേർത്ത ശേഷം രോഹിത്- ജയ്‌സ്വാള്‍ ജോഡി വേർപിരിഞ്ഞു. പിന്നീട് ഇന്ത്യൻ നായകന്റെ ഫിഫ്റ്റി.

63 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഒടുവില്‍ രോഹിതും കൂടാരം കയറി. ഇന്ത്യൻ ഓപ്പണർമാർ രണ്ട് പേരെയും വീഴ്ത്തിയത് അജാസ് പട്ടേലാണ്.

പിന്നീടാണ് ഇന്ത്യൻ ഇന്നിങ്‌സില്‍ നിർണായക കൂട്ടുകെട്ട് പിറന്നത്. മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച സർഫറാസ്- വിരാട് ജോഡി ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഇരുവരും ചേർന്ന് 136 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.

സർഫറാസ് വെറും 42 പന്തില്‍ നിന്നാണ് അർധ സെഞ്ച്വറി കുറിച്ചത്. ഒടുവില്‍ 70 റണ്‍സില്‍ നില്‍ക്കേ കോഹ്ലിയുടെ പോരാട്ടം അവസാനിച്ചു. 102 പന്തില്‍ 8 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വിരാടിന്‍റെ ഇന്നിങ്‌സ്. 78 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ സർഫറാസ് ക്രീസിലുണ്ട്.

Exit mobile version