Site icon Malayalam News Live

കുട്ടികളുടെ ഭാരക്കുറവാണോ നിങ്ങളു‍ടെ പ്രശ്നം..? എങ്കില്‍ നല്‍കൂ ഒരു സ്പൂണ്‍ നെയ്യ് ; അറിയാം ഗുണങ്ങൾ എന്തൊക്കെയെന്ന്

കോട്ടയം: കുട്ടികളുടെ വളര്‍ച്ചയ്ക്ക് പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ പ്രധാനമാണ്.

അത്തരത്തില്‍ നിരവധി പോഷകഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെയ്യ്. ഇന്ത്യൻ പാചകരീതികളില്‍ സാധാരണയായി നെയ്യ് ഉപയോഗിക്കാറുണ്ട്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന അവശ്യ ഫാറ്റി ആസിഡുകള്‍ അടങ്ങിയതിനാലാണ് ഇത് ഉപയോഗിക്കുന്നത്.

കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ നെയ്യ് കൊടുക്കുന്നത് നിരവധി ഗുണങ്ങള്‍ നല്‍കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നെയ്യ് മികച്ചതാണ്. കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് ബലവും ശക്തിയും നല്‍കുന്നു.

നെയ്യിന്റെ പോഷക മൂല്യങ്ങള്‍ വെണ്ണയ്ക്ക് സമാനമാണ്, ഇത് ലാക്ടോസ് രഹിതമാണ്. നെയ്യില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് ഫാറ്റുകള്‍) സംയോജിത ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യില്‍ കാണപ്പെടുന്നു.

ഭാരക്കുറവുള്ള കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ നെയ്യ് നല്‍കുന്നത് ഭാരം വര്‍ധിപ്പിക്കാൻ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി ശുദ്ധമായ നെയ്യ് കഴിക്കുന്നത് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ ഭാരം വര്‍ധിക്കും.

നെയ്യില്‍ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ച, ചര്‍മ്മം, പ്രതിരോധശേഷി എന്നിവയ്‌ക്ക് വിറ്റാമിൻ എ വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വിറ്റാമിൻ ഇയും അത്യാവശ്യമാണ്. നെയ്യില്‍ മികച്ച അളവില്‍ പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്കും നെയ്യ് ഗുണം ചെയ്യും. ആദ്യ വര്‍ഷത്തില്‍ കുട്ടിക്ക് നെയ്യ് നല്‍കുന്നത് എല്ലുകളെ ആരോഗ്യകരവും ശക്തവുമാക്കാൻ സഹായിക്കും.

Exit mobile version