Site icon Malayalam News Live

അധ്യാപകരുടെ അശ്രദ്ധയാണോ എന്ന് അറിയില്ല, മഴ ഇല്ലാത്തതുകൊണ്ട് എന്റെ കൊച്ച് രക്ഷപ്പെട്ടു, അല്ലെങ്കിൽ വെള്ളത്തിലൂടെ ഒലിച്ചുപോയേനെ; അങ്കണവാടിയിൽനിന്ന് കാൽവഴുതി 25 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ അച്ഛൻ

അടിമാലി: അങ്കണവാടിയിൽനിന്ന് കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക് വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തിൽ ആരോപണങ്ങൾ ഉയരുന്നു.

അങ്കണവാടി പ്രവർത്തിച്ച കെട്ടിടത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി കുഞ്ഞിന്റെ പിതാവ് ആന്റോ രം​ഗത്തെത്തി. “മഴ ഇല്ലാത്തതുകൊണ്ട് എന്റെ കൊച്ച് രക്ഷപ്പെട്ടു. അല്ലെങ്കിൽ കുഞ്ഞ് വെള്ളത്തിലൂടെ ഒലിച്ചുപോയേനെ.

അപകടത്തിലേക്ക് നയിച്ചത് അധ്യാപകരുടെ അശ്രദ്ധയാണോ എന്ന് അറിയില്ല, കെട്ടിടത്തിന്റെ മുകളിൽ കൈവരിയായി രണ്ട് പൈപ്പ് മാത്രമേയുള്ളു. അതിനുള്ളിലൂടെ നമ്മൾപോലും വീണുപോകും. ചവിട്ടിയാൽ പെട്ടെന്ന് തെന്നിപ്പോകുന്ന ടൈൽസ് ആണ് നിലത്ത് പതിച്ചിട്ടുള്ളത്’, ആന്റോ പറഞ്ഞു.

പള്ളിവാസൻ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന കല്ലാർ വട്ടയാർ അങ്കണവാടിയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്.

കോലേനിപ്പറമ്പിൽ ആന്റോയുടെ മകൾ മൂന്നുവയസ്സുകാരി ജെറീനയാണ് കെട്ടിടത്തിനുമുകളിൽനിന്ന് താഴെയുള്ള തോട്ടിലേക്ക് വീണത്. ​ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

റോഡിന്റെ നിരപ്പിന് താഴെ ഒരുനിലയും മുകളിലായി രണ്ട് നിലകളുമാണ് കെട്ടിടത്തിനുള്ളത്. ഏറ്റവും താഴത്തെ നിലയിലായിരുന്നു അങ്കണവാടി മുൻപ് പ്രവർത്തിച്ചിരുന്നത്. 2018-ലെ മഹാപ്രളയത്തിൽ ഈ ഭാഗം വെള്ളംകയറി ഉപയോഗശൂന്യമായി.

അന്നുമുതൽ അങ്കണവാടി പ്രവർത്തിക്കുന്നത് ഏറ്റവും മുകൾനിലയിലാണ്. ഒന്നാംനിലയിൽ ആയുർവേദാശുപത്രിയും അങ്കണവാടിയുടെ അടുക്കളയുമുണ്ട്. അടുക്കളയിെലത്തി ഭക്ഷണം കഴിച്ച കുട്ടികൾ അങ്കണവാടി വർക്കറുടെ മേൽനോട്ടത്തിൽ മുകളിലേക്ക് കയറി.

മുകളിലെത്തിയ ജെറീന വെള്ളത്തിൽ ചവിട്ടി കാൽവഴുതി കെട്ടിടത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന ചെറിയ കൈത്തോട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ജെറീനയുടെ തലയ്ക്കാണ് മുറിവേറ്റത്. ആന്തരിക രക്തസ്രാവം ഉള്ളതിനാലാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പത്തിൽ താഴെ കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്.

Exit mobile version