Site icon Malayalam News Live

ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മൂന്നു വയസ്സുകാരൻ; രക്ഷിക്കാൻ പിറകെച്ചാടി വല്ല്യുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍; ഒടുവിൽ തിരികെ ജീവിതത്തിലേക്ക്

എരുമപ്പെട്ടി: കരിയന്നൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാൻ പിറകെച്ചാടി വലിയുമ്മ.

വെള്ളറക്കാട് പാറയ്ക്കല്‍ വീട്ടില്‍ അഫ്സലിന്റെയും ഫർസാനയുടെയും മകൻ ഇമാദിനെയാണ് വലിയുമ്മ റോജുര കിണറ്റില്‍നിന്ന് ജീവിതത്തലേക്ക് പിടിച്ചുകയറ്റിയത്.
കഴിഞ്ഞ ദിവസമാണ് കുട്ടി കരിയന്നൂരിലെ ഉമ്മവീട്ടില്‍ എത്തിയത്.

വ്യാഴാഴ്ച രാവിലെ 11-ഓടെ കളിക്കുന്നതിനിടെ സമീപത്തെ പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. ഏഴടിയോളം വെള്ളമുള്ള കിണറ്റില്‍ വീണ കുട്ടി പൊങ്ങിവന്നപ്പോള്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍ പിടിച്ചുതൂങ്ങി. ഇതു കണ്ട ഉമ്മയുടെ ഉമ്മ റെജുല കിണറ്റിലേക്ക് എടുത്തുചാടി. കുട്ടിയെ എടുത്ത് നിലയുള്ള അങ്കിലേക്ക് നിന്നു. നീന്തല്‍ അറിയുന്നതും രക്ഷയായി.

ഓടിയെത്തിയ നാട്ടുകാരൻ മുക്കില്‍പ്പുരയ്ക്കല്‍ വേലായുധൻ ഉടൻ ഇവരെ കരയ്ക്കു കയറ്റാൻ കിണറ്റിലിറങ്ങി. നാട്ടുകാർ ചേർന്ന് കയറും കസേരയും ഉപയോഗിച്ച്‌ രണ്ടു പേരെയും മുകളിലേക്കു കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴുത്തോളം വെള്ളത്തില്‍ ഒരു മണിക്കൂറോളം ഇവർ കുട്ടിയുമായി കിണറ്റില്‍ക്കുടുങ്ങി. കുന്നംകുളം അഗ്നി രക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും മുകളിലെത്തിച്ചത്. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ച്‌ പ്രാഥമികശുശ്രൂഷ നല്‍കി.

അഗ്നി രക്ഷാ സേന ഓഫീസർമാരായ വിജയ് കൃഷ്ണ, ശ്രീജിത്ത്, റഫീഖ്, ജിഷ്ണു, രഞ്ജിത്ത്, ഗോഡ്സണ്‍ എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നല്‍കി. എരുമപ്പെട്ടി ആക്‌ട്സ് പ്രവർത്തകരും എരുമപ്പെട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.

Exit mobile version