Site icon Malayalam News Live

അച്ഛൻ വായ്പയെടുത്ത 24,000 രൂപ മോഷ്ടിച്ചു; ചോദിച്ചപ്പോള്‍ 13-കാരൻ നാടുവിട്ടു; വന്നത് ഉന്മാദാവസ്ഥയില്‍; കേസെടുത്ത് പോലീസ്

ആലപ്പുഴ: കൂലിപ്പണിക്കാരനായ അച്ഛൻ അത്യാവശ്യത്തിനായി വായ്പയെടുത്ത് വീട്ടില്‍ സൂക്ഷിച്ച 24,000 രൂപ 13 വയസ്സുകാരൻ മോഷ്ടിച്ചു.

ഇതു ചോദ്യം ചെയ്തതിനാല്‍ കുട്ടി അർധരാത്രിയില്‍ നാടുവിട്ടു. പോലീസും വീട്ടുകാരും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അവസാനം എടുത്ത പണംകൊണ്ട് ഇയർ ഫോണ്‍ അടക്കം കുറെ ഇലക്‌ട്രോണിക് സാധനങ്ങള്‍ വാങ്ങി തിരിച്ചെത്തി.

കഴിഞ്ഞദിവസം രാത്രിയില്‍ ആലപ്പുഴയിലായിരുന്നു സംഭവം. അച്ഛൻ സൂക്ഷിച്ച പണം കാണാഞ്ഞപ്പോള്‍ മകനെ സംശയിച്ചു. ചോദിക്കുകയും ശാസിക്കുകയും ചെയ്തു. ഇതില്‍ വിഷമിച്ച്‌ രാത്രി 12-നാണ് കുട്ടി വീടുവിട്ടിറങ്ങിയത്.

ഉടനെ വീട്ടുകാർ പോലീസില്‍ അറിയിച്ചു. രാത്രിയായതിനാലും കൈയില്‍ പണമുള്ളതിനാലും വീട്ടുകാർ പരിഭ്രാന്തരായി. സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച രാവിലെ കുട്ടി തിരിച്ചെത്തി. എന്നാല്‍, ലഹരിപദാർഥമെന്തോ കഴിച്ച്‌ കുട്ടി ഉന്മാദാവസ്ഥയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ കുടുതല്‍ ചോദിച്ചറിയാൻ കഴിഞ്ഞില്ല. കുട്ടിക്ക് കൗണ്‍സലിങ് അടക്കമുള്ള ബോധവത്കരണം നല്‍കാനുള്ള നടപടി പോലീസ് തുടങ്ങി.

Exit mobile version