Site icon Malayalam News Live

ഗുരുവായൂർ സംബന്ധിച്ച ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോർട്ട് തേടി

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലാ കളക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതി ലഭിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് എല്ലാ പാര്‍ട്ടികളോടും പറഞ്ഞതാണ്. മീഡിയാ ടീമിന്റെ മുന്നില്‍ ഈ വീഡിയോ വന്നിട്ടുണ്ട്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ നിയമപ്രകാരം വേണ്ട നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ പറഞ്ഞത്. പിന്നാലെ ഈ പ്രസ്താവന വലിയ വിവാദമാകുകയായിരുന്നു.

Exit mobile version