Site icon Malayalam News Live

പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ വിദ്യാർത്ഥിനിയെ ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ; കൊലപാതകം നടന്ന് 2 വർഷത്തിന് ശേഷമാണ് വിധി; സംഭവത്തിൽ മകളുടെ മരണവാർത്ത അറിഞ്ഞതിനുശേഷം പിതാവും ആത്മഹത്യ ചെയ്തിരുന്നു

ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിനാല്‍ വിദ്യാർഥിനിയെ സ്റ്റേഷനില്‍വെച്ച്‌ തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു.

2022-ല്‍ ബി.കോം മൂന്നാംവർഷ വിദ്യാർഥിനിയായിരുന്ന സത്യയെ സെയ്ന്റ് തോമസ് റെയില്‍വേ സ്റ്റേഷനില്‍വെച്ച്‌ തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷിനാണ്(25) പ്രത്യേക വനിതാ കോടതി ജഡ്ജി ജെ. ശ്രീദേവി വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 13-നായിരുന്നു സംഭവം.

സി.ബി.സി.ഐ.ഡി. സമർപ്പിച്ച കുറ്റപത്രത്തില്‍ സതീഷ് കുറ്റവാളിയാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതി മൂന്നുവർഷത്തെ കഠിന തടവ് അനുഭവിക്കണം. 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പ്രണയാഭ്യർഥന നിരസിച്ചതിനാലാണ് സത്യയെ സതീഷ് തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.
ഇരയുടെ ഇളയ സഹോദരിമാർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 302 പ്രകാരമുള്ള കൊലപാതകത്തിനും തമിഴ്നാട് പീഡന വിരുദ്ധ നിയമത്തിലെ സെക്ഷൻ 4 പ്രകാരമുള്ള പീഡനത്തിനുമാണ് പ്രതിക്ക് മഹിളാ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

കൊലപാതകം നടന്ന് രണ്ട് വർഷത്തിനു ശേഷമാണ് കേസില്‍ വിധിയുണ്ടാകുന്നത്. സത്യയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 70-ലധികം സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ചെന്നൈ താംബരത്തുള്ള കോളേജ് വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട സത്യ. ചെന്നൈ ആദമ്ബാക്കത്ത് സത്യപ്രിയയുടെ വീടിന് എതിർവശത്തായിരുന്നു പ്രതി സതീഷ് താമസിച്ചിരുന്നത്.
ഇയാള്‍ തുടർച്ചയായി സത്യയെ ശല്യം ചെയ്തിരുന്നു. ഒടുവില്‍ 2022 സെപ്റ്റംബറില്‍ സത്യയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ സതീഷിന്റെ പെരുമാറ്റം അസഹനീയമായ തരത്തിലായി. തുടർന്നായിരുന്നു കൊലപാതകം. മകളുടെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ പിതാവ് മാണിക്കം ആത്മഹത്യ ചെയ്തിരുന്നു.

Exit mobile version