Site icon Malayalam News Live

കോട്ടയത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രതിസന്ധിക്ക് പരിഹാരം; ചെങ്ങോലപ്പാടം റെയിൽവേ പാലം 18ന് തുറക്കും

മുളന്തുരുത്തി: ട്രെയിനുകൾ കടന്നു പോകുന്നതും നോക്കിയുള്ള ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റിലെ യാത്രക്കാരുടെ കാത്തിരിപ്പ് 18ന് അവസാനിക്കും. റെയിൽവേ മേൽപാലമെന്ന കാലങ്ങളായുള്ള യാത്രക്കാരുടെ സ്വപ്നം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമർപ്പിക്കും.

ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. എംപിമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി എന്നിവർ പങ്കെടുക്കും. പതിറ്റാണ്ടുകളായുള്ള മുളന്തുരുത്തിക്കാരുടെ ആവശ്യം യാഥാർത്ഥ്യമാകുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്.

കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ 100% പണികളും പൂർത്തിയാക്കിയാണു പാലം തുറന്നു കൊടുക്കുന്നത്. കോട്ടയത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന പ്രതിസന്ധിക്കാണു പാലം തുറക്കുന്നതോടെ പരിഹാരമാകുന്നത്. ഇതോടെ ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്കും വികസിച്ചു കൊണ്ടിരിക്കുന്ന ഇൻഫോപാർക്ക്, സ്മാർട്സിറ്റി പ്രദേശങ്ങളിലേക്കുമുള്ള പ്രധാന പാതയായി മുളന്തരുത്തി-ചോറ്റാനിക്കര-തിരുവാങ്കുളം റോഡ് മാറും. ‌

പച്ചപുതച്ച ചെങ്ങോലപ്പാടത്തിനു കുറുകെ 365 മീറ്റർ നീളത്തിലാണു പാലത്തിന്റെ നിർമാണം. 8.1 മുതൽ 7.5 മീറ്റർ വരെയാണു വീതി. ഒരു വശത്ത് നടപ്പാതയും റെയിൽപാളത്തിന്റെ ഇരുവശങ്ങളിലും പാലത്തിലേക്കു കയറാൻ സ്റ്റെയറും നിർമിച്ചിട്ടുണ്ട്. സർവീസ് റോഡുകളും സജ്ജമാണ്.

പാലം തുറക്കുന്നതോടെ വേഴപ്പറമ്പ് നെൽസൺ മണ്ടേല റോഡിലെ യാത്രക്കാർ ട്രാഫിക് ക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് നിർദേശം. നെൽസൺ മണ്ടേല റോഡിൽ നിന്നു വരുന്ന വാഹനങ്ങൾ നേരിട്ട് പാലത്തിലേക്കു പ്രവേശിക്കരുതെന്ന് കർശന നിർദേശമുണ്ട്. ഈ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെ പാലത്തിനടിയിലൂടെയെത്തി മുളന്തുരുത്തി ഭാഗത്ത് പാലം തുടങ്ങുന്നിടത്തെ മീഡിയനിൽ നിന്നു ‘U’ ടേൺ എടുത്തു വേണം പാലത്തിലേക്കു കയറാൻ.

ചോറ്റാനിക്കര ഭാഗത്തു നിന്നു പാലത്തിലൂടെ വരുന്ന വാഹനങ്ങളും നെൽസൺ മണ്ടേല റോഡിലേക്കു പോകാൻ മീഡിയനിൽ നിന്നു ‘U’ ടേൺ എടുക്കണം. ഇടറോഡിൽ നിന്നുള്ള വാഹനം നേരിട്ടു പാലത്തിലേക്കു കയറുന്നത് അപകടങ്ങൾക്കു കാരണമായേക്കാമെന്നതിനാലാണു ക്രമീകരണം.

Exit mobile version