Site icon Malayalam News Live

‘സിപിഎമ്മിന്റെ നുണപ്രചാരണം അവസാനിപ്പിക്കാനാണ് പ്രചരണത്തിന് ഇറങ്ങാൻ തീരുമാനിച്ചത്’; ഇഡിയും സിബിഐയും അന്വേഷിച്ചുവരുന്ന മക്കള്‍ ബിജെപിയില്‍ പോകാതെ സിപിഎം സൂക്ഷിക്കണമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: സിപിഎമ്മിന്റെ നുണപ്രചാരണം അവസാനിപ്പിക്കാനാണ് കുടുംബം ഒന്നടങ്കം യുഡിഎഫ് പ്രചരണത്തിന് ഇറങ്ങാൻ തീരുമാനിച്ചതെന്ന് ഉമ്മന്‍ചാണ്ടിയുടെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മൻ.

ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങള്‍ ബിജെപിയില്‍ ചേരുമെന്നായിരുന്നു സിപിഎമ്മിന്റെ നുണപ്രചാരണം. നുണ പ്രചരണങ്ങളിലൂടെയും കള്ള വാർത്തകളിലൂടെയും തൻ്റെ പിതാവിനെ ഇപ്പോഴും സിപിഎം ആക്രമിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.

ഇഡിയും സിബിഐയും അന്വേഷിച്ചുവരുന്ന മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയില്‍ പോകാതെ സിപിഎം സൂക്ഷിക്കണമെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു.

ഉമ്മൻചാണ്ടിയുടെ മക്കള്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തിനെതിരെ ഉമ്മൻചാണ്ടി ഭാര്യ മറിയാമ്മയും രംഗത്ത് വന്നിരുന്നു. വെട്ടി തുണ്ടമാക്കിയാലും തന്റെ മൂന്ന് മക്കളും ബിജെപിയില്‍ പോകില്ലെന്നായിരുന്നു മറിയാമ്മ ഉമ്മന്‍റെ പ്രതികരണം.

യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് കുടുംബം എത്തും. മകള്‍ അച്ചു ഉമ്മനും പ്രചാരണത്തിന് എത്തുമെന്നും മറിയാമ്മ അറിയിച്ചു. അച്ചു ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്കെത്തുമോയെന്നറിയില്ലെന്നും മറിയാമ്മ പറഞ്ഞു.

അച്ചു മത്സരിക്കുമെന്ന് പാർട്ടി ഒരിക്കലും പറഞ്ഞിട്ടില്ല. അതൊക്കെ നാട്ടുകാർ പറഞ്ഞതാണെന്നും മറിയാമ്മ കൂട്ടിച്ചേര്‍ത്തു.

Exit mobile version