Site icon Malayalam News Live

ചാലക്കുടി ഐ.ടി.ഐയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന 29 കോടി രൂപയുടെ പദ്ധതികള്‍ അവഗണനയില്‍.

 

 

തൃശ്ശൂർ : ചാലക്കുടി ഐ.ടി.ഐയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന 29 കോടി രൂപയുടെ പദ്ധതി എവിടെപ്പോയെന്ന് ചോദ്യം.2016-17ലെ പുതുക്കിയ സംസ്ഥാന ബജറ്റില്‍ കേരളത്തിലെ 10 ഐ.ടി.ഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇതില്‍ ഉള്‍പ്പെടുത്തി ഇൻഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോര്‍ഡ് മുഖേന 29 കോടി രൂപ ചെലവഴിച്ച്‌ ചാലക്കുടി ഐ.ടി.ഐയുടെ നിലവാരം ഉയര്‍ത്താൻ തീരുമാനിച്ചിരുന്നു.

മറ്റു സ്ഥലങ്ങളിലെല്ലാം ഈ പദ്ധതികള്‍ ഏറെക്കുറേ നടപ്പാക്കിയെങ്കിലും ചാലക്കുടി ഐ.ടി.ഐയുടെ കാര്യത്തില്‍ മാത്രം പദ്ധതി എവിടെയുമെത്തിയില്ലെന്നാണ് ആരോപണം. 11.26 കോടി രൂപയുടെ നവീകരണ പദ്ധതിക്ക് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും അതിന് പകരമാവില്ലെന്നാണ് അഭിപ്രായം. ഇതുപ്രകാരം 25,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഇരുനില കെട്ടിടവും ചുറ്റുമതിലുമൊക്കെയാണ് നിര്‍മിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ഐ.ടി.ഐയായ ചാലക്കുടി രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതികള്‍ ഇപ്പോഴും അവഗണനയില്‍ തന്നെയെന്നാണ് പരാതി. ആധുനികമായ കോഴ്സുകള്‍ ആരംഭിക്കുന്നില്ല.

2020ല്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണൻ ആധുനികവത്കരണം ഉദ്ഘാടനം ചെയ്തെങ്കിലും കാര്യമായ വികസന പദ്ധതികള്‍ ഉണ്ടായില്ല. ചാലക്കുടി ഐ.ടി.ഐക്ക് സ്ഥലമില്ലെന്ന മുടന്തൻ ന്യായം ഉന്നയിച്ചാണ് വികസന പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. എന്നാല്‍, ഐ.ടി.ഐയുടെ ഇപ്പോഴത്തെ സ്ഥലപരിമിതി പരിഹരിക്കാൻ അധികാരികള്‍ വിചാരിച്ചാല്‍ സാധിക്കും. ചാലക്കുടി റെയില്‍വേ സ്റ്റേഷൻ റോഡില്‍ ഇപ്പോള്‍ മൂന്ന് ഏക്കറോളം സ്ഥലത്താണ് ഐ.ടി.ഐ പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ ഐ.ടി.ഐ ഹോസ്റ്റലും വനിത ഐ.ടി.ഐയും ഇതോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ബ്രിട്ടീഷ് കാലത്തെ ട്രാംവെയുടെ വര്‍ക്ക് ഷാപ്പിന്‍റെ സ്ഥലത്താണ് ഐ.ടി.ഐ സ്ഥാപിച്ചത്. ഇതിന്റെ പല വര്‍ക്ക് ഷോപ്പ് കെട്ടിടങ്ങളും ട്രാംവെയുടെ വര്‍ക്ക് ഷോപ്പുകളായിരുന്നു.

ഐ.ടി.ഐയോട് ചേര്‍ന്ന പി.ഡബ്ല‍്യൂ.ഡി മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പ് ഓഫിസ്, സാങ്കേതിക സഹകരണ സംഘം, ഐ.ടി.ഐ ക്വാര്‍ട്ടേഴ്സ് എന്നിവയുടെ സ്ഥലമെല്ലാം ഐ.ടി.ഐയുടെ ഭാഗമായിരുന്നു. പി.ഡബ്ല്യു.ഡി വര്‍ക്ക് ഷോപ്പ് ഓഫിസും ഐ.ടി.ഐ ക്വാര്‍ട്ടേഴ്സും മറ്റൊരിടത്തേക്ക് മാറ്റാവുന്നതേയുള്ളൂ. സാങ്കേതിക സഹകരണ സംഘം കാലങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. തലമുറകള്‍ പഠിച്ചുയര്‍ന്ന സ്ഥാപനത്തിന്റെ വികസനം നിലച്ചുപോകരുതെന്നാണ് പൊതു ആവശ്യം.

Exit mobile version