Site icon Malayalam News Live

മൂന്നാറിൽ നിന്ന് മോഷ്ടിച്ച മാല, അടിമാലിയിലെത്തി വിൽക്കാൻ ശ്രമം; യുവതി പിടിയിൽ ; വാട്സാപ്പിലൂടെ വിവരമറിഞ്ഞ ജീവനക്കാർ പോലീസിനെ അറിയിച്ചതോടെയാണ് യുവതി പിടിയിലായത്

അടിമാലി: ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം മറ്റൊരു ജ്വല്ലറിയിലെത്തി വില്‍ക്കാനുള്ള ശ്രമത്തിനിടെ യുവതി പിടിയില്‍. ചാലക്കുടി സ്വദേശിനി സുധയാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. മൂന്നാറിലെ ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സുധ. എന്നാൽ ജ്വല്ലറി ജീവനക്കാർക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു.

ചാലക്കുടി സ്വദേശിയായ സുധ മാല വാങ്ങാനെന്ന മട്ടിലാണ് ആദ്യാം മൂന്നാറിലെ ജ്വല്ലറിയില്‍ എത്തിയത്. അവിടെ നിന്ന് തന്ത്രത്തിൽ മാല മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞു. എന്നാൽ മോഷണം നടന്ന വിവരം ജ്വല്ലറി ഉടമകള്‍ അറിഞ്ഞതാവട്ടെ സുധ മാലയുമായി അവിടെ നിന്ന് കടന്നതിന് ശേഷവും. ഉടന്‍ തന്നെ വാട്ട്സ് അപ്പ് ഗ്രൂപ്പുകളില്‍ ജ്വല്ലറി ജീവനക്കാർ മോഷണം നടന്ന വിവരം കൈമാറി.

മോഷ്ടിച്ച മാല വില്‍ക്കാൻ സുധ തെരഞ്ഞെടുത്തത് അടിമാലിയിലെ മറ്റൊരു ജ്വല്ലറിയായിരുന്നു. മൂന്നാറിൽ നിന്ന് ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അടിമാലിയിലെത്തിയ ശേഷം പണം തരാമെന്നാണ് ഓട്ടോറിക്ഷക്കാരനോട് പറഞ്ഞിരുന്നത്.

എന്നാൽ,  മൂന്നാറിലെ മോഷണത്തിന്റെ വിവരം അറിഞ്ഞിരുന്ന അടിമാലിയിലെ കടയുടമകള്‍ക്ക് സംശയം തോന്നി. അടിമാലി പൊലീസിനെ അവർ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സുധയെ കസ്റ്റഡിയിലെടുത്തു.

മോഷ്ടിച്ച മാലയും സുധയില്‍ നിന്ന് കണ്ടെടുത്തു. തുടര്‍നടപടിക്കായി യുവതിയെ മൂന്നാര്‍ പൊലീസിന് കൈമാറി.

Exit mobile version