Site icon Malayalam News Live

കേന്ദ്രത്തിന്റെ സത്യവാങ്മൂലം പുറത്ത്; ‘ധാരണാപത്രം ഒപ്പിട്ട ശേഷം പിഎം ശ്രീ നടപ്പാക്കാന്‍ കേരളം താല്‍പര്യം കാട്ടിയില്ല’

ന്യൂഡല്‍ഹി : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വിഡി സതീശന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം പുറത്തുവന്നു. ധാരണാപത്രം ഒപ്പിട്ട ശേഷം പിഎം ശ്രീ നടപ്പാക്കാന്‍ കേരളം താല്‍പര്യം കാട്ടിയില്ലെന്ന് സുപ്രിംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പിഎം ശ്രീ നടപ്പാക്കാനുള്ള സ്‌കൂളുകളുടെ പട്ടിക കേരളം നല്‍കിയില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നോട്ട് പോയെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലുണ്ട്. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട കേസിലെ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്റെ വാദം. പിഎം ശ്രീയില്‍ നിന്ന് പിന്മാറാന്‍ മുന്‍ സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.

അതേസമയം പിഎം ശ്രീയില്‍ നിന്ന് പിന്മാറാന്‍ മുന്‍ സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടില്ലെന്ന് വി ഡി സതീശന്‍ അവകാശപ്പെട്ടതിന് പിന്നാലെ 2025 നവംബര്‍ 12ന് കേന്ദ്രത്തിന് കേരളം അയച്ച കത്ത് പുറത്തുവിട്ടിരുന്നു. അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി വാസുകി ആയിരുന്നു കത്ത് അയച്ചത്. പിഎം ശ്രീ നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു. ആശങ്ക പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചെന്നും സമിതി റിപ്പോര്‍ട്ട് വരുന്നത് വരെ ധാരണാപത്രവുമായി മുന്നോട്ടുപോകാനാകില്ലെന്നും കത്തില്‍ പറയുന്നു. അതിനാല്‍ പിഎം ശ്രീ നടപ്പാക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെക്കുന്നുവെന്നും മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ തുടര്‍ നടപടികള്‍ ആലോചിക്കൂവെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

Exit mobile version