Site icon Malayalam News Live

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; പരാതിക്കാരി വിദേശത്ത്, മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴി, ഇന്ന് നാട്ടിലെത്തുമെന്നും സൂചന

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല സ്വദേശിനിയായ പരാതിക്കാരി വിദേശത്താണുള്ളത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുന്ന പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. യുവതി രാഹുലിന്റെ വിദേശയാത്രയ്ക്ക് സഹായം നൽകി നൽകിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കൂടാതെ പല വിലപിടിപ്പുള്ള വസ്തുക്കളും എംഎൽഎ യുവതിയോട് ആവശ്യപ്പെടുകയും അതിൽ പലതും വാങ്ങി നൽകിയതായും മൊഴിയിൽ പറയുന്നുണ്ട്. കുഞ്ഞ് വേണമെന്ന് നിർബന്ധിച്ചെന്നും ഗർഭിണിയായതോടെ ബന്ധം ഉപേക്ഷിച്ചു എന്നുമാണ് പരാതിയിലുള്ളത്. യുവതിയിൽ നിന്ന് നിരന്തരം പണം വാങ്ങിയെന്നും സാമ്പത്തിക ചൂഷണം ചെയ്തെന്നും പരാതിയിലുണ്ടെന്നാണ് സൂചന.

അതേസമയം അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിൽ ചോദ്യം ചെയ്യുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ മേധാവി ജി പൂങ്കുഴലിയും എആർ ക്യാമ്പിലെത്തിയിട്ടുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് രാഹുലിന്റെ ആദ്യമൊഴി. കേസിൽ മെഡിക്കൽ രേഖകളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും പരാതിക്കാരി എസ്ഐടിക്ക് കൈമാറിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ രാഹുലിനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. പത്തനംതിട്ട മജിസ്ട്രേറ്റിന് മുമ്പാകെ ആയിരിക്കും രാഹുലിനെ ഹാജരാക്കുക. തിരുവല്ല മജിസ്ട്രേറ്റ് ഇല്ലാത്തതിനാൽ ചുമതല പത്തനംതിട്ട മജിസ്ട്രേറ്റിനാണ്. എസ്പിയുടെ ക്യാമ്പ് ഓഫീസിന് അടുത്തുള്ള മജിസ്ട്രേറ്റിന്റെ വസതിയിൽ രാഹുലിനെ എത്തിക്കും. 9 മണിയോടെ വൈദ്യ പരിശോധന നടത്തും. അതിനുശേഷം മജിസ്ട്രേറ്റിന് മുമ്പാകെ എത്തിക്കും.

Exit mobile version