Site icon Malayalam News Live

വിദേശ യാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ സൗജന്യ വിദേശ യാത്ര ഓഫര്‍ ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിക്കെതിരെ കേസ്.തിരൂര്‍ എസ്‌എച്ച്‌ഒയ്ക്കാണ് അന്വേഷണ ചുമതല.

മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് എടുത്തത്. പ്രസംഗത്തില്‍ നേരത്തെ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

തവനൂരിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് സി പി ബാവ ഹാജിയുടെ പ്രഖ്യാപനം. പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്രയാണ് ബാവ ഹാജി ഓഫര്‍ ചെയ്തിരിക്കുന്നത്. വിഎസ് ജോയ്ക്ക് ഏറ്റവും കൂടുതല്‍ ലീഡ് നല്‍കുന്ന കമ്മിറ്റിക്കാണ് ഗള്‍ഫ് യാത്രയ്ക്കുള്ള ഭാഗ്യം ഉണ്ടാകുക. 15 ദിവസത്തെ താമസം, പോക്കിനും വരവിനുമുള്ള ടിക്കറ്റ് അടക്കമുള്ള സമ്പൂര്‍ണ്ണ പാക്കേജായിരുന്നു ബാവ ഹാജിയുടെ ഓഫര്‍.

നേരത്തെ തവനൂരില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നയാളാണ് ബാവ ഹാജി. എന്നാല്‍ മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയ്ക്കായിരുന്നു തവനൂരില്‍ മത്സരിക്കാന്‍ നറുക്ക് വീണത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച നേതൃപാടവമാണ് വി എസ് ജോയ് കാഴ്ചവെച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ആണ് ഭരണം പിടിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Exit mobile version