Site icon Malayalam News Live

ജാതിപ്പേര് വിളിച്ചധിക്ഷേപിച്ചെന്ന് പരാതി; കോട്ടയം മൈനിങ് & ജിയോളജി ഡിപ്പാർട്ട്മെന്റ് ജിയോളജിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു

കോട്ടയം: ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോട്ടയം മൈനിങ് & ജിയോളജി ഡിപ്പാർട്ട്മെന്റ് ജിയോളജിസ്റ്റ് സംഗീത സതീശിനെതിരെ പൊലീസ് കേസെടുത്തു.

കോട്ടയം മേച്ചാല്‍ സ്വദേശി സജിമോന്റെ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ജിയോളജി വകുപ്പിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചതിന്റെ വൈരാഗ്യത്തില്‍ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചെന്നും ഓഫീസില്‍ പൂട്ടിയിട്ടെന്നുമാണ് എഫ്ഐആർ.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് കേസെടുക്കാത്തതിനെത്തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. എസ്.സി/എസ്.ടി അതിക്രമം, അന്യായമായി തടങ്കലില്‍ പാർപ്പിക്കുക തുടങ്ങിയ വകുപ്പുകളടക്കം ചുമത്തിയാണ് കേസ്.

കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതി പറഞ്ഞു.
പരാതിക്കാരന്റെ പുരയിടത്തില്‍ നിന്ന് കരിങ്കല്ല് വെട്ടി പുറത്തേക്ക് കൊണ്ടുപോകുന്നതിനായി അനുമതിക്ക് വേണ്ടിയാണ് ജിയോളജി വകുപ്പിനെ സമീപിച്ചത്. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഖനനം നടത്തി പാറ മുറിച്ചു കടത്താൻ ഇദ്ദേഹം ശ്രമിച്ചു എന്നാണ് ജിയോളജി വകുപ്പിന്റെ വിശദീകരണം.

Exit mobile version