Site icon Malayalam News Live

കോട്ടയം ആർപ്പുക്കര കൈപ്പുഴമുട്ടിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേർ മുങ്ങിമരിച്ചു; മരിച്ചവരിൽ ഒരാൾ മലയാളി; കൈപ്പുഴമുട്ട് പാലത്തിന് സമീപമുള്ള റോഡിലൂടെ പോകുമ്പോൾ ഇടത്തേക്ക് തിരിയുന്നതിനു പകരം നേരെ പോയി ആറ്റിലേക്കു വീഴുകയായിരുന്നുവെന്ന് നി​ഗമനം

കുമരകം: കോട്ടയം – കുമരകം – ചേർത്തല റൂട്ടിൽ കൈപ്പുഴമുട്ട് പാലത്തിനോടു ചേർന്നുള്ള റോഡിൽനിന്ന് ആറ്റിലേക്കു കാർ മറിഞ്ഞു രണ്ടുപേർ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് (48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്ര സ്വദേശിനിയായ സയ്‌ലി രാജേന്ദ്ര സർജെ(27) ആണ് അപകടത്തിൽ മരിച്ച രണ്ടാമത്തെ ആൾ.

ഇന്നലെ രാത്രി 8.40ന് ആയിരുന്നു അപകടം. കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. നല്ല മഴയുണ്ടായിരുന്നു. കുമരകത്ത് എത്തിയ ശേഷം ഇവർ കൈപ്പുഴമുട്ട് പാലത്തിന് സമീപമുള്ള റോഡിലൂടെ പോകുമ്പോൾ ഇടത്തേക്ക് തിരിയുന്നതിനു പകരം നേരെ പോയി ആറ്റിലേക്കു വീഴുകയായിരുന്നു എന്ന് കരുതുന്നു.

ഇവിടെ ഹോംസ്റ്റേകളുണ്ട്. അത് അന്വേഷിച്ചു പോയതാകാമെന്നാണ് പോലീസിന്റെ നിഗമനം.കൊച്ചിയിൽ നിന്നു വാടകയ്ക്കെടുത്ത കെഎൽ 07 സികെ 1239 നമ്പർ കാറാണ് അപകടത്തിൽപെട്ടത്.

രണ്ടുപേർ വള്ളത്തിൽ ഈ സമയം പാലത്തിനു താഴെയുണ്ടായിരുന്നു. ഇവർ വെള്ളത്തിലേക്കു ചാടി കാറിൽ പിടിച്ചെങ്കിലും കാർ താഴ്ന്നു പോയി. അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിങ് സംഘവും പോലീസും എത്തി ഒന്നേകാൽ മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണു പത്തുമീറ്റർ അകലെ കാർ കണ്ടെത്തിയത്.

ഡ്രൈവിങ് സീറ്റിൽ നിന്ന് ജയിംസിന്റെയും പിൻസീറ്റിൽ നിന്ന് ശൈലിയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

പരേതനായ ജോർജ് വർഗീസിന്റെയും അന്നമ്മ ജോർജിന്റെയും മകനാണു ജയിംസ്. ഭാര്യ: അനു. മകൻ: ജെർമി ജയിംസ്. സ്വകാര്യ കമ്പനി ജീവനക്കാരനായ ജയിംസ് ഓഫിസ് ആവശ്യത്തിന് കേരളത്തിലേക്ക് എത്തിയെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് ഇവർ കൊച്ചിയിലെത്തിയത്.

റോഡിൽ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും അപകടത്തിന് കാരാണമായേക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രദേശം പരിജയമില്ലാത്തവര്‍ ആയിരുന്നതിനാൽ ഗൂഗിൾ മാപ്പും ഇവരെ ചതിച്ചിരിക്കാമെന്ന് പോലീസ് പറയുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ആര്‍പ്പൂക്കര പഞ്ചായത്തിനും ടൂറിസം വകുപ്പിനുമെതിരെയാണ് നാട്ടുകാരുടെ ആരോപണം. ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും രാത്രിയായാൽ അപകടങ്ങൾ പതിവാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

 

Exit mobile version