Site icon Malayalam News Live

ഓടിക്കൊണ്ടിരിക്കെ നിയന്ത്രണംവിട്ട കാർ കത്തി നശിച്ചു ; കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

അഞ്ചൽ: ഓടിക്കൊണ്ടിരിക്കെ നിയന്ത്രണംവിട്ട കാർ കത്തി നശിച്ചു. ഡൈവ്രറും കാറുടമയുമായ അഞ്ചൽ താന്നി വിളവീട്ടിൽ സിജു(26) അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ അഞ്ചൽ തടിക്കാടിന് സമീപം പാങ്ങലിലാണ് സംഭവം.
കരാറടിസ്ഥാനത്തിൽ ഹിറ്റാച്ചി, ജെ.സി.ബി, ടിപ്പർ മുതലായവയുടെ പ്രവൃത്തികൾ ചെയ്തു വരുന്ന സിജു വർക്ക്സൈറ്റിലേക്ക് പോയ ഹിറ്റാച്ചി കയറ്റിയ ടിപ്പർ ലോറിക്ക് പിറകെ പോകവേയാണ് കാറിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഒപ്പം ശ്വാസതടസ്സമുണ്ടാകുകയും ചെയ്തു. ഇതോടെ നിയന്ത്രണം വിട്ട കാർ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കയറി നിൽക്കുകയുണ്ടായി. ഈ സമയം കാറിൽ നിന്നും പുറത്തുചാടിയാണ് സിജു രക്ഷപെട്ടത്. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയ പരിസരവാസികൾ അവശനായ സിജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം സ്വദേശിയായ സിജു ഏറെനാളായി അഞ്ചലിലാണ് താമസിച്ചു വരുന്നത്. പുനലൂരിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. അഞ്ചൽ പോലീസ് മേൽനടപടിയെടുത്തു.

Exit mobile version