Site icon Malayalam News Live

കാറിന്റെ ബ്രേക്കിന് തകരാർ ;നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലുംപാറയില്‍ ഇന്നലെ വൈകീട്ട് കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.
കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂല(21) ആണ് മരിച്ചത്.
കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുന്‍ഷിഖ്(23) പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കക്കാടംപൊയിലില്‍ നിന്നും വരുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന നിലമ്പൂർ രജിഷ്ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് മറിഞ്ഞത്.
കൂമ്പാറ-കക്കാടംപൊയില്‍ റോഡിലെ സ്ഥിരം അപകട മേഖലയില്‍ തന്നെയാണ് അപകടമുണ്ടായത്.
കാറിന്റെ ബ്രേക്കിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന് ഉടനെ തന്നെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ തന്നെ തന്നെ ഫാത്തിമ മരിച്ചിരുന്നു.
യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഓട്ടോ ഡ്രൈവറായ കുന്നത്ത്പറമ്പ് ഷുക്കൂറിന്റെയും സലീനയുടെയും മകളാണ്. സഹോദരി: ശിഫ

Exit mobile version