Site icon Malayalam News Live

നാമനിര്‍ദേശ പത്രിക നല്‍കാൻ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ മാത്രം ബാക്കി; പത്രികാസമര്‍പ്പണത്തിന് ഇന്ന് പ്രമുഖരുടെ നീണ്ട നിര; വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാർ ഇന്ന് പത്രിക നല്‍കും

തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഇന്ന് കൂടുതല്‍ സ്ഥാനാർത്ഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും.

വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ നീണ്ട നിര ഇന്ന് പത്രിക നല്‍കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നല്‍കും.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരന്‍, ആര്‍ ശ്രീലേഖ എന്നിവരും ഇന്നാണ് പത്രിക സമർപ്പിക്കുക.

അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ തുടങ്ങിയവരും ഇന്ന് പത്രിക നല്‍കും. ധർമടം മണ്ഡലം സ്ഥാനാർത്ഥി പിണറായി വിജയൻ വ്യാഴാഴ്‌ച പത്രിക സമർപ്പിച്ചിരുന്നു. റോഡ് ഷോയും വാദ്യമേളങ്ങളുമായി ശക്തിപ്രകടനം നടത്തിയാണ് പലരും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഒരുങ്ങുന്നത്.

മാർച്ച്‌ 23 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമാണ് പത്രിക സമര്‍പ്പണത്തിന് അവസരമുള്ളത്. മാർച്ച്‌ 24 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച്‌ 26 നാണ്. ഏപ്രില്‍ 9 നാണ് കേരളത്തിലെ വോട്ടെടുപ്പ്. മെയ് 4 നാണ് വോട്ടെണ്ണല്‍.

Exit mobile version