Site icon Malayalam News Live

കാനഡയിൽ വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് തിരിച്ചടി; നടപടികള്‍ വൈകും; മൂന്ന് കോണ്‍സുലേറ്റുകളിലെ വിസ സര്‍വ്വീസ് നിര്‍ത്തിവെച്ചതായി കാനഡ

ഡൽഹി: കാനഡയിലേക്കുള്ള വിസ അപേക്ഷകളില്‍ നടപടികള്‍ വൈകും.

41 നയതന്ത്ര പ്രതിനിധികളെ പിൻവലിക്കാൻ ഇന്ത്യ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വ്വീസ് നിര്‍ത്തിവെച്ചതായി കാനഡ അറിയിച്ചു.
അതേസമയം, ഇന്ത്യ അന്താരാഷ്ട്ര ചട്ടം ലംഘിച്ചെന്ന കാനഡയുടെ ആരോപണം വിദേശകാര്യമന്ത്രാലയം തള്ളി.

ഇന്ത്യ- കാനഡ നയതന്ത്ര തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കനേഡിയൻ പൗരൻമാര്‍ക്കുള്ള വിസ സര്‍വ്വീസ് ഇന്ത്യ നേരത്തെ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കാനഡ ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് തുടര്‍ന്നു.

ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് കാനഡ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഡൽഹിയിലെ ഹൈക്കമ്മീഷനില്‍ മാത്രം സര്‍വീസുകള്‍ തല്‍ക്കാലം തുടരും.

നയതന്ത്ര പരിരക്ഷ ഇന്ത്യ റദ്ദാക്കിയ സാഹചര്യത്തില്‍ കാനഡയുടെ 41 ഉദ്യോഗസ്ഥര്‍ ഇന്നലെ മടങ്ങി. ഇന്ത്യയുടെ നിര്‍ദ്ദേശം അന്താരാഷ്ട്ര നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലനി ജോളി ആരോപിച്ചു ഇന്ത്യയ്ക്ക് കാനഡയിലുള്ളതിൻ്റെ രണ്ടിരട്ടി ഉദ്യോഗസ്ഥര്‍ കാനഡയ്ക്ക് ഇന്ത്യയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണം വെട്ടിക്കുറയ്ക്കാൻ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്കിയത്.

Exit mobile version