Site icon Malayalam News Live

ബുക്ക് ചെയ്ത ബസ് വൈകി; ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ

കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.

കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു,കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ ഉത്തരവിട്ടത്.

2024 ജനുവരി 31ന് രാത്രി എട്ടിന് ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയില്‍വെച്ച് തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയില്‍ വെച്ചും തകരാറിലായി.

രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്.

തുടര്‍ന്ന് ബസ് സര്‍വീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെ ഒന്നാം കക്ഷിയായും താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ രണ്ടാം കക്ഷിയായും ചേര്‍ത്ത് ജേക്കബ് ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version