Site icon Malayalam News Live

തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു; അപകടം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി

പത്തനംതിട്ട: തിരുവനന്തപുരത്തു നിന്നും വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു ടൂറിസ്റ്റ് ബസ്. ഗുജറാത്ത് സ്വദേശികളായ 30 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്.

മഹർഷിക്കാവ് ഭാഗത്ത് വച്ച് വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് ആളുകൾ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്തിയപ്പോൾ ഡ്രൈവർ ക്യാബിന് അടിയിലായി തീ കത്തുന്നത് കണ്ടു. എൻജിന്‍റെ ഭാഗത്ത് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് അടൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു.

അപകടം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം ഒരു വശത്തേക്ക് ഒതുക്കി നിർത്തി ആളുകളെ എല്ലാം മുൻവശത്തെ വാതിൽ വഴി പുറത്തേക്ക് ഇറക്കുകയായിരുന്നു. അല്പം വൈകിയിരുന്നെങ്കിൽ വാഹനത്തിലെ ഇലക്ട്രിക് കേബിളുകൾ കത്തി സെൻസറുകൾ പ്രവർത്തിക്കാതെ മുൻ വശത്തെ വാതിൽ തുറക്കാൻ കഴിയാതെ യാത്രക്കാർ ബസ്സിനുള്ളിൽ കുടുങ്ങുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ബസിന്‍റെ റൂഫ് ടോപ്പ് ഉയർത്തി വാഹനത്തിനുള്ളിലെ പുക പുറത്തേക്ക് തുറന്ന് വിട്ടു. ഡ്രൈവർ ക്യാബിനുള്ളിൽ കയറി വെള്ളം പമ്പ് ചെയ്ത് തീ പൂർണ്ണമായും അണച്ചു.

Exit mobile version