Site icon Malayalam News Live

കോട്ടയം പാക്കില്‍ക്കവലയില്‍ സ്വകാര്യ ബസിനുള്ളില്‍ കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവം; കണ്ടക്ടര്‍ക്ക് എതിരെ ചുമത്തിയ പോക്‌സോ കേസില്‍ മുൻ കൂര്‍ ജാമ്യം

കോട്ടയം: സ്വകാര്യ ബസിനുള്ളില്‍ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതായി ആരോപിച്ച്‌ ബസ് കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തില്‍ പോക്‌സോ കേസില്‍ പ്രതി ചേർക്കപ്പെട്ട കണ്ടക്ടർക്ക് ജാമ്യം.

തിരുനക്കരയപ്പൻ എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ പൂവൻതുരുത്ത് സ്വദേശി പ്രദീപിനാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് പോക്‌സോ കോടതി ജഡ്ജി എം. നിക്‌സണ്‍ മുൻകൂർ ജാമ്യം അനുവദിച്ചത്.

സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച്‌ ഒരു സംഘം ആളുകള്‍ ചേർന്ന് പ്രദീപിനെ ബസിനുള്ളില്‍ വച്ച്‌ വലിച്ചിറക്കി മർദിക്കുകയായിരുന്നു. എസ്.ടി ചോദിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലും കയ്യേറ്റത്തിലും കലാശിച്ചത്.

തുടർന്നാണ് പ്രദീപ് ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ മർദിച്ചവർക്ക് എതിരെ പരാതി നല്‍കിയത്. എന്നാല്‍, മർദിച്ചവരെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ്, പ്രദീപിനെതിരെ പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഈ കേസിലാണ് കോടതി ഇപ്പോള്‍ പ്രദീപിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.പ്രതികള്‍ക്കായി അഡ്വ.വിവേക് മാത്യു വർക്കി , അഡ്വ.കെ.എസ് ആസിഫ് എന്നിവർ ഹാജരായി.

Exit mobile version